സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു
പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു. മലയാള സിനിമയ്ക്ക് യോദ്ധ, ഗാന്ധര്‍വ്വം, നിര്‍ണയം ഉള്‍പ്പെടെ നിരവധി മികച്ച സിനിമകൾ നൽകിയ സംവിധായകനാണ് അദ്ദേഹം. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
മലയാളം ,ഹിന്ദി ഭാഷകളിലായി ഏകദേശം ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. രഘുവരന്‍ നായകനായ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് (1990) സംവിധായകനായി അരങ്ങേറിയത്. തുടര്‍ന്ന് യോദ്ധ, ഡാഡി, ജോണി, ഗാന്ധര്‍വം , നിര്‍ണയം, സ്‌നേഹപൂര്‍വം അന്ന തുടങ്ങിയ ചിത്രങ്ങള്‍ സംഗീത് ഒരുക്കി.
1997 ല്‍ സണ്ണി ഡിയോള്‍ നായകനായ ‘സോര്‍’ എന്ന സിനിമയിലൂടെ ബോളിവുഡില്‍ തുടക്കം. സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂള്‍ ഹേ തും, അപ്ന സപ്ന മണി മണി, ഏക്-ദ് പവര്‍ ഓഫ് വണ്‍, ക്ലിക്ക്, യാംല പഗ്ല ദീവാന 2 എന്നീ ഹിന്ദി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മലയാളത്തില്‍ ഇഡിയറ്റ്‌സ്, ഇ എന്ന ചിത്രങ്ങളില്‍ നിര്‍മ്മതാവുമായി. പ്രശസ്ത ഫൊട്ടോഗ്രാഫറും ഛായാഗ്രഹകനുമായ ശിവന്റെ മകനാണ് സംഗീത്. പ്രശസ്ത ഛായാഗ്രഹകന്‍ സന്തോഷ് ശിവന്‍, സംവിധായകന്‍ സഞ്ജീവ് ശിവന്‍ എന്നിവര്‍ സഹോദരങ്ങളാണ്.