സഞ്ജുവിന്റെ വിളയാട്ടം; ഇന്ത്യക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; ട്വന്റി20 പരമ്പര ഇന്ത്യക്ക്


സഞ്ജു സാംസണും തിലക് വർമയും കെട്ടിപ്പടുത്ത കൂറ്റന്‍ സ്കോറിന് തൊട്ടടുത്ത് എത്താന്‍ പോലും കഴിയാതെ ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങി. ട്വന്റി20യില്‍ 283 റൺസ് എടുത്ത് ഇന്ത്യ ബാറ്റിങ്ങ് അവസാനിപ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക നേടിയത് 18.2 ഓവറിൽ 148 റണ്‍സ് മാത്രമാണ്.
ഈ ജയത്തോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3–1ന് സ്വന്തമാക്കി. ഈ മത്സരത്തിലും സെഞ്ച്വറി നേടിയ തിലക് വർമയാണ് കളിയിലേയും പരമ്പരയിലേയും താരം. തകർച്ചയോടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. ഹെൻഡ്രിക്സ് (0), റിക്കിൾടൻ (ഒന്ന്) ക്യാപ്റ്റൻ എയ്ഡൻ മർക്രം (എട്ട്) എന്നിവർ ആദ്യ മൂന്ന് ഓവറിൽ തന്നെ പുറത്തായി. അര്‍ധ സെഞ്ച്വറി നേടിയ ഡേവിഡ് മില്ലറും ട്രിസ്റ്റൻ സ്റ്റബ്സും പുറത്തായതോടെ ദക്ഷിണാഫ്രിക്കയുടെ കുതിപ്പ് അവസാനിച്ചു.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടോസ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനെ തുണച്ചതാണ് നിര്‍ണായകമായത്. തുടര്‍ന്ന് ബാറ്റിംഗ് തിരഞ്ഞെടുത്ത തീരുമാനവും പിഴച്ചില്ല.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 283 റൺസ് എടുത്തു. ഒരു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഈ സൂപ്പര്‍ പ്രകടനം.
പൂജ്യത്തിന് പുറത്തായിക്കൊണ്ടിരുന്ന മലയാളി താരം സഞ്ജു സാംസൺ ഫോം വീണ്ടെടുത്തതോടെയാണ് മികച്ച നേട്ടത്തിലേക്ക് ഇന്ത്യ എത്തിയത്. 50 പന്തിൽ ആറു ഫോറും എട്ടു സിക്സും സഹിതമാണ് പരമ്പരയിലെ രണ്ടാം സെഞ്ച്വറിയിലേക്ക് സഞ്ജു കുതിച്ചത്. ഈ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ തിലക് വർമയും സെഞ്ച്വറികൊണ്ട് തന്നെ സഞ്ജുവിന് മറുപടി നല്‍കി.
41 പന്തിൽ ആറു ഫോറും ഒൻപതു സിക്സും സഹിതമാണ് തിലക് സെഞ്ച്വറി തികച്ചത്. റണ്ടാം വിക്കറ്റിൽ സഞ്ജു – തിലക് സഖ്യം 86 പന്തിൽ തകര്‍ത്തടിച്ച് നേടിയത് 210 റൺസാണ്.ഓപ്പണർ അഭിഷേക് ശർമ 18 പന്തിൽ 36 റൺസെടുത്താണ് പുറത്തായത്. തുടര്‍ന്നാണ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ സഞ്ജുവും തിലകും തകര്‍ത്തടിച്ചത്.