സരിന്റേത് ഇന്നലെ വരെ സിപിഎമ്മിനെ കൊത്തിവലിച്ച നാവ്; അതെടുത്ത് വായിൽ വെക്കുന്നത് സിപിഎമ്മിന്‍റെ ഗതികേട്: കെ സുധാകരൻ

single-img
17 October 2024

ഇന്നലെ വരെ സിപിഎമ്മിനെ കൊത്തിവലിച്ച നാവാണ് പി സരിന്‍റേതെന്നും അത് എടുത്തു വായിൽ വെക്കുന്നത് സിപിഎമ്മിന്‍റെ ഗതികേടാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സരിനെ സ്ഥാനാർത്ഥിയാക്കുന്ന സിപിഎമ്മിനോട് ലജ്ജ തോന്നുകയാണ്.

പി സരിനെ പിന്തുണയ്ക്കാൻ സിപിഎം തീരുമാനിച്ചാൽ അവര്‍ക്ക് എന്ത് വൃത്തികേടും കാണിക്കാൻ പറ്റുമെന്നാണ് അര്‍ത്ഥമെന്നും ചേലക്കരയിൽ എന്‍കെ സുധീര്‍ മത്സരിക്കുന്നത് ഒരു വിഷയമല്ലെന്നും കെ സുധാകരൻ പറഞ്ഞു. പോകുന്നവര്‍ പോകട്ടെയെന്ന് പറയാൻ അല്ലാതെ ആരെയും പിടിച്ചുകെട്ടി നിര്‍ത്താൻ പറ്റില്ല. സരിന്‍റെ കാര്യം സരിൻ ആണ് തീരുമാനിക്കുന്നത്.

എന്നാൽ, സരിൻ പോകരുത് എന്നാണ് ഞങ്ങളുടെ ആഗ്രഹം.ആ കാര്യം ഞങ്ങൾ സരിനെ അറിയിച്ചിട്ടുണ്ട്. പത്രസമ്മേളനത്തിൽ പാർട്ടി വിരുദ്ധത ഉണ്ടോ എന്ന് പരിശോധിക്കും. ഉണ്ടെങ്കിൽ നടപടിയെടുക്കും വിട്ടുപോകുന്ന ആൾക്കെതിരെ നടപടി എടുത്തിട്ടും കാര്യമില്ല.

പാർട്ടിതലത്തിൽ ചർച്ചചെയ്ത് തീരുമാനമെടുക്കും. എൻകെ സുധീർ ആടി ഉലഞ്ഞ് നിൽക്കുന്ന ആളാണ്. സുധീറിൽ ഞങ്ങൾക്ക് പ്രതീക്ഷയുമില്ല. കോൺഗ്രസിനെ പോലുള്ള പാർട്ടിയിൽ ഇതുപോലുള്ള ആളുകൾ ഉണ്ടാകും. സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാൻ സാധിക്കുന്നില്ല എന്ന് പറയുമ്പോൾ ആരെങ്കിലും കൊടുക്കുന്ന ഓഫർ പുറത്തുപോകും. കോൺഗ്രസിനോട് ആഭിമുഖ്യം ഉണ്ടെങ്കിൽ കോൺഗ്രസിൽ നിൽക്കണം.

സരിന് പോയെ മതിയാകു എന്നു പറഞ്ഞാൽ എന്തു പറയാനാണ്. ആരും അദ്ദേഹത്തിൽനിന്ന് ഇത് പ്രതീക്ഷിച്ചില്ല.എല്ലാവരെയും സ്ഥാനാർത്ഥിയാക്കാൻ പറ്റില്ല. ഈ പാർട്ടിയുടെ പ്രത്യേകത അതാണ്. രാഹുലിനെ സ്ഥാനാർത്ഥിയാക്കാനുള്ള എല്ലാ യോഗ്യതയും ഉണ്ട്. ആരെയും ആശ്രയിച്ചല്ല പാലക്കാട്ടെ വിജയം. അത് ജനങ്ങളെ ആശ്രയിച്ചാണ്. നേതാക്കൾക്ക് അതിൽ സ്വാധീനം ചെലുത്താൻ ആവില്ലെന്നും കെ സുധാകരൻ പറഞ്ഞു.