പ്രിയങ്കക്കെതിരെ വയനാട്ടിൽ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർത്ഥി

single-img
17 October 2024

വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ സത്യൻ മൊകേരി എൽഡിഎഫിനുവേണ്ടി സിപിഐ സ്ഥാനാർത്ഥിയാകും. ഇന്ന് ചേർന്ന സിപിഐയുടെ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് സത്യൻ മൊകേരിയെ സ്ഥാനാർത്ഥിയായി നിർദേശിച്ചത്.

ഇത് രണ്ടാം തവണയാണ് സത്യൻ മൊകേരി പാർലമെന്റിലേക്ക് മത്സരിക്കുന്നത്. നേരത്തെ 2014 ലായിരുന്നു അദ്ദേഹം വയനാട്ടിൽ നിന്ന് മത്സരിക്കുന്നത്. അപ്പോൾ ഇരുപതിനായിരം വോട്ടുകൾക്കായിരുന്നു അദ്ദേഹം അവിടെ പരാജയപ്പെട്ടത്. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ യോഗങ്ങൾക്ക് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന നാല് ജില്ലാ ഘടകങ്ങളും നൽകിയ പട്ടിക അടിസ്ഥാനമാക്കിയായിരുന്നു സംസ്ഥാന എക്സിക്യൂട്ടീവിലെ ചർച്ച. ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി,എ ഐ വൈ എഫ് നേതാവ് ടി ടി ജിസ്മോൻ, മഹിളാ ഫെഡറേഷൻ നേതാക്കളായ പി. വസന്തം, ഇ.എസ് ബിജിമോൾ എന്നീ പേരുകളാണ് ജില്ലകളുടെ പട്ടികയിൽ ഉണ്ടായിരുന്നത്. മണ്ഡലത്തിൽ സുപരിചതൻ , രാഷ്ട്രീയ മത്സരം കാഴ്ചവെക്കാൻ അനുയോജ്യൻ എന്നീ ഘടകങ്ങൾ പരിഗണിച്ച് സത്യൻ മൊകേരിയെ തന്നെ സ്ഥാനാർത്ഥിയായി നിശ്ചയിക്കുകയായിരുന്നു.