‘സത്യമേവ ജയതെ’യെ മോദി ഭരണകൂടം ‘സത്താമേവ ജയതെ’ എന്നാക്കി: ശശി തരൂര്‍

single-img
6 December 2023

രാജ്യത്തിന്റെ ‘സത്യമേവ ജയതെ’ എന്ന ആപ്തവാക്യത്തെ മോദി ഭരണകൂടം ‘സത്താമേവ ജയതെ’ എന്നാക്കിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എംപിയുമായ ഡോ. ശശി തരൂര്‍ . ഹിന്ദിയില്‍ ‘സത്താ’ എന്ന വാക്കിന്റെ അര്‍ത്ഥം അധികാരം എന്നാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ബി ജെ പിയുടെ ദേശീയത മതാടിസ്ഥാനത്തില്‍ മാത്രമാണ്. അതാവട്ടെ അപകടവും ദുരന്തവുമാണ്.

നമ്മുടെ ഭരണഘടനാ അവകാശങ്ങളെയും നാം നേടിയ സാമൂഹ്യമാറ്റങ്ങളെയും അത് തകര്‍ക്കുന്നുവെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. ഈ ലോകത്ത് മറ്റു രാജ്യങ്ങളെ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിച്ചപ്പോള്‍ മതപരമായ വിഭജനാണ് ഇവിടെ നടന്നത്. വൈജാത്യവും ബഹുസ്വരതയുമാണ് ഇന്ത്യയുടെ മഹത്വം. വ്യത്യസ്ത മതങ്ങളെയും ഭാഷയേയും ഉള്‍ക്കൊള്ളുകയും എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ ഉറപ്പാക്കുകയും ചെയ്തതാണ് കോണ്‍ഗ്രസിന്റെ ചരിത്രം.

സ്വാതന്ത്ര്യാനന്തരം വിശ്രമിക്കാനുള്ളതല്ലെന്നും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തികരിക്കാന്‍ വേണ്ടിയാണ് തുടര്‍ന്നുള്ള പ്രയാണം എന്നുമാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞത്. അതായിരുന്നു കോണ്‍ഗ്രസിന് ജനങ്ങളോടുള്ള പ്രതിബദ്ധതയെന്നും ശശി തരൂര്‍ പറയുന്നു. സാധാരണ പൗരനും ജാതിയുടെയും മതത്തിന്റെയും സാമ്പത്തിക അസമത്വത്തിന്റെയും അതിര്‍വരമ്പുകള്‍ ഇല്ലാതെ ഭരണഘടനപരമായ പരമോന്നത പദവികള്‍ വഹിക്കാന്‍ സാധിച്ചത് ദേശീയ പ്രസ്ഥാനം നയിച്ച പോരാട്ടത്തിന്റെ തുടര്‍ച്ചയായുണ്ടായ ജനാധിപത്യ സംവിധാനം കൊണ്ടാണ്. അതിനെ ഇല്ലായ്മ ചെയ്യുകയാണ് മോദി ഭരണകൂടം.

രാജ്യത്ത് തൊഴിലില്ലായ്മയും ദുരിതവും പെരുകുന്നു. എന്നിട്ടും മോദിയും കൂട്ടരും പറയുന്നത് ഷൈനിംഗ് ഇന്ത്യയെന്നാണ്. മേക്ക് ഇന്‍ ഇന്ത്യ, ഷൈനിംഗ് ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ എന്നിങ്ങനെ ഇന്ത്യയെ കുറെ പരസ്യവാചകങ്ങളുടെ തടവറയില്‍ തളച്ചതൊഴിച്ചാല്‍ ഇന്ത്യയുടെ നിര്‍മ്മിതിക്ക് വേണ്ടി ഒരു സംഭാവനയും ബിജെപിയുടേതായില്ല. നമ്മുടെ സ്വകാര്യത തകര്‍ത്ത് അടുക്കളയിലും തീന്‍മേശകളിലും വരെ കടന്ന ചെന്ന വെറുപ്പിന്റെ രാഷ്ട്രീയം മാത്രമാണ് അവരുടെ സംഭാവനയെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു.