സൗദി അറേബ്യ ആദ്യ മദ്യഷോപ്പ് തുറക്കുന്നു ; ഇസ്ലാം മത വിശ്വാസികളല്ലാത്ത ഇതര മതസ്ഥർക്ക് പ്രവേശനം


ചരിത്രത്തിലാദ്യമായി സൗദി അറേബ്യ റിയാദിൽ ആദ്യ മദ്യഷോപ്പ് തുറക്കാൻ തീരുമാനിച്ചു പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇസ്ലാം മത വിശ്വാസികളല്ലാത്ത ഇതര മതസ്ഥർക്ക് മാത്രമായിരിക്കും മദ്യം വിൽക്കുക. ഇതുമായി ബന്ധപ്പെട്ട പുതിയ പദ്ധതി രൂപപ്പെടുത്തിയതായും റോയിട്ടേഴ്സിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 70 വർഷത്തിന് ശേഷമാണ് സൗദി ആദ്യ മദ്യഷോപ്പ് തുറക്കാൻ പോകുന്നത്. വിഷൻ 2030 ന്റെ ഭാഗം കൂടിയാണ് മദ്യ ഷോപ്പ്.
ഷോപ്പിന്റെ ഉപഭോക്താക്കൾ ഒരു മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയും രാജ്യത്തെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ക്ലിയറൻസ് കോഡ് നേടുകയും വേണം. 21 വയസ്സിന് താഴെ പ്രായമുളളവർക്ക് മദ്യം വിൽക്കില്ല. നല്ല വസ്ത്രം ധരിച്ച് ആയിരിക്കണം മദ്യം വാങ്ങിക്കാൻ എത്തേണ്ടത്.
അതേപോലെ തന്നെ മദ്യപിക്കുന്നവർ മദ്യം വാങ്ങാൻ പകരക്കാരനെ അയയ്ക്കാൻ പാടില്ല. പ്രതിമാസ പരിമിതികൾ നടപ്പിലാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. വിനോദസഞ്ചാര വികസനത്തിനും ബിസിനസ്സിനുമായി രാജ്യം തുറന്നുകൊടുക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ശ്രമങ്ങളിലെ നാഴികക്കല്ലാണ് ഈ നീക്കം.