അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വനിതാ യാത്രികയെ അയക്കാൻ സൗദി അറേബ്യ
രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വനിതാ യാത്രികയെ അയക്കാനൊരുങ്ങി സൗദി അറേബ്യ. 2023 പകുതിയോടെ ഒരു വനിതയുള്‍പ്പെടെ രണ്ട് ബഹിരാകാശ സഞ്ചാരികളെയാണ് സൗദി അയയ്ക്കുന്നത്.
ഇതിൽ ആദ്യ വനിതാ ബഹിരാകാശയാത്രികയായി റയ്‌യാന ബര്‍നാവിയും പുരുഷ ബഹിരാകാശ സഞ്ചാരിയായി അലി അല്‍ഖര്‍നിയും അമേരിക്കയില്‍ നിന്ന് വിക്ഷേപിക്കാനൊരുങ്ങുന്ന AX2 ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാകും. ബഹിരാകാശ സഞ്ചാരികളായ മറിയം ഫിര്‍ദാസും അലി അല്‍ ഗംദിയുമാണ് ദൗത്യസംഘത്തില്‍ പരിശീലനം നല്‍കുക.
സൗദിയുടെ ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ നേട്ടം കൈവരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രതിരോധ മന്ത്രാലയം, കായിക മന്ത്രാലയം, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്നിവരുമായി സഹകരിച്ചാണ് ദൗത്യം നടത്തുന്നത്.