സൗദി രാജ കുടുംബത്തെ ട്വിറ്ററിലൂടെ വിമർശിച്ച യുഎസ് പൗരന് സൗദി കോടതി 16 വർഷം ശിക്ഷ വിധിച്ചു

single-img
19 October 2022

സൗദി വംശജനായ യുഎസ് പൗരനായ സാദ് ഇബ്രാഹിം അൽമാദിനെ സൗദി രാജ കുടുംബത്തെ ട്വിറ്ററിലൂടെ വിമർശിച്ചതിന് സൗദി കോടതി 16 വർഷം ജയിൽ ശിക്ഷ വിധിച്ചു. 72 കാരനായ അൽമാഡിയെ ഒക്ടോബർ 3 നാണു ശിക്ഷ വിധിച്ചത്.

ഫ്ലോറിഡയിൽ താമസിക്കുന്ന യുഎസ് പൗരനായ സാദ് ഇബ്രാഹിം അൽമാദി നവംബറിൽ ബന്ധുക്കളെ സന്ദർശിക്കാൻ സൗദിയിൽ എത്തിയപ്പോൾ ആണ് വിമാനത്താവളത്തിൽ വെച്ച് സൗദി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ സാദ് ഇബ്രാഹിം അൽമാദി എഴുതിയ 14 ട്വീറ്റുകൾ ആണ് അറസ്റ്റിനു കാരണമായി സൗദി ഭരണകൂടം ചൂണ്ടിക്കാണിക്കുന്നത്. അൽമാഡിയെ ഒക്ടോബർ 3 ന് 16 വർഷത്തെ തടവിന് ശിക്ഷിച്ചതായി മകൻ ഇബ്രാഹിമിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തു. തടവ് ശിക്ഷക്ക് പുറമെ 16 വർഷത്തെ യാത്രാ വിലക്ക് കൂടി ഉള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സൗദി അറേബ്യയിലെ അഴിമതിയെക്കുറിച്ചും, 2018 ൽ രാജ്യത്തിന്റെ ഇസ്താംബൂൾ കോൺസുലേറ്റിൽ വെച്ച് കൊല്ലപ്പെട്ട യുഎസ് ആസ്ഥാനമായുള്ള മാധമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ചും പരാമർശിക്കുന്ന ട്വീറ്റുകളിൽ “സൌമ്യമായ” വിമർശനങ്ങൾ മാത്രമാണ് അച്ഛൻ പ്രകടിപ്പിച്ചത് എന്നാണു മകൻ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാൽ ഭീകരവാദത്തെ പിന്തുണയ്ക്കുകയും ധനസഹായം നൽകുകയും രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു എന്ന കുറ്റമാണ് അൽമാദിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് എന്നാണ് സൗദി സർക്കാർ പറയുന്നത്. മനുഷ്യാവകാശങ്ങളെച്ചൊല്ലി സൗദി അറേബ്യ വിമർശനങ്ങൾ നേരിടുന്നതിനിടെയാണ് ട്വീറ്റിന്റെ പേരിൽ അമേരിക്കൻ പൗരനെ ശിക്ഷിക്കുന്നത്.