സൗദിയിലെ കഅബ കിസ്‌വ മാറ്റിവെക്കൽ ചടങ്ങ്; ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾ പങ്കെടുത്തു

single-img
9 July 2024

സൗദി അറേബ്യയിലെ കഅബ കിസ്‌വ മാറ്റിവയ്ക്കൽ ചടങ്ങിൽ ചരിത്രത്തിൽ ആദ്യമായി പങ്കെടുത്ത് സ്ത്രീകൾ. മുഹറം ഒന്ന് ഹിജ്‌റ കലണ്ടർ പ്രകാരമുള്ള പുതുവർഷദിനം നടന്ന കഅബയിലെ കിസ്‌വമാറ്റ ചടങ്ങിൽ വനിതകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പുതിയ മാറ്റം.

പരിപാടിയുടെ ദൃശ്യങ്ങൾ സൗദി പ്രസ് ഏജൻസി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. സൗദിയിലെ ഗ്രാൻഡ് മോസ്‌കിൻ്റെയും പ്രവാചകൻ്റെ പള്ളിയുടെയും പരിപാലനത്തിനായുള്ള ജനറൽ അതോറിറ്റിയിൽ ജോലി ചെയ്യുന്ന സൗദി വനിതകളാണ് കിസ്‌വ മാറ്റ ചടങ്ങിൽ പങ്കെടുത്തത്. രാജ്യത്തിൻറെ ചരിത്രത്തിൽ ആദ്യമായാണ് സ്ത്രീകൾ ഈ സുപ്രധാന ചടങ്ങിൽ പങ്കെടുക്കുന്നതെന്ന് ജനറൽ അതോറിറ്റി ഫോർ കെയർ ഓഫ് ദി ഹോളി മോസ്‌കുകൾ അറിയിച്ചു.

നേരത്തെ ചടങ്ങിന്റെ തയ്യാറെടുപ്പ് ഘട്ടത്തിൽ മാത്രമായിരുന്നു സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടായിരുന്നത്. കഅബ കിസ്‌വയ്‌ക്കായി കിംഗ് അബ്ദുൾ അസീസ് കോംപ്ലക്‌സിൽ നിന്നുള്ള 159 കരകൗശല വിദഗ്ധരുടെ സംഘമാണ് കിസ്‌വ മാറ്റിയത്. 1000 കിലോഗ്രാം അസംസ്‌കൃത പട്ടുകൊണ്ട് നിർമിച്ച കി‍സ്‍വയാണ് പുതപ്പിച്ചത്.

ഇരു ഹറം കാര്യാലയത്തിന് കീഴിലുള്ള കരകൗശല വിദഗ്ധരും, വിദഗ്ധ തൊഴിലാളികളും ചേർന്നായിരിന്നു ചടങ്ങ് പൂർത്തിയാക്കിത്. 200 തൊഴിലാളികൾ ചേർന്ന് 10 മാസം കൊണ്ടാണ് കി‍സ്‍വയുടെ നിർമ്മാണം പൂർത്തീകരിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ തയ്യൽ മെഷീൻ ഉപയോ​ഗിച്ചായിരുന്നു ഇതിന്റെ പ്രധാനഭാ​ഗം നിർമ്മിച്ചത്.

ബാക്കി വരുന്ന ഭാ​ഗം കൈ കൊണ്ടാണ് തയ്യാറാക്കിയത്. 120 കിലോഗ്രാം സ്വർണ്ണനൂലും 100 കിലോഗ്രാം വെള്ളി നൂലും ഉപയോഗിച്ചാണ് കി‍സ്‍വയുടെ മുകളിൽ ദൈവത്തെ പ്രകീർത്തിക്കുന്ന വാക്കുകൾ കരകൗശ വിദഗ്ധർ തുന്നി പിടിപ്പിച്ചത്. നാലു കഷ്ണം തുണിയും ഒരു വാതിൽ കർട്ടനും ഉൾക്കൊള്ളുന്നതാണ് കഅബയുടെ മൂടുപടം. 15 മീറ്റർ ഉയരവും 12 മീറ്റർ വരെ നീളവുമാണ് കി‍സ്‍വയുടെ നാല് കഷ്ണങ്ങൾക്കുള്ളത്.

പുതിയ കിസ്‍വയുടെ ഭാരം 1350 കിലോയും ഉയരം 14 മീറ്ററുമാണ്. കിസ്‌വ ഉയർത്താനും നാല് കോണുകൾ തുന്നാനും കഅ്ബയുടെ പുതിയ കിസ്‌വയിൽ റാന്തൽ ഡിസൈനുകളും രൂപരേഖകളും ചേർക്കാനും 8 ക്രൈനുകൾ ഉപയോഗിച്ചു.