അറബ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാൻ ചൈന; ചൈനീസ് ഭാഷാ പഠനം വിപുലീകരിക്കാൻ സൗദി


ചൈനയുമായുള്ള ബന്ധങ്ങൾ വളർത്തുന്നതിന്റെ ഭാഗമായി ചൈനീസ് ഭാഷ പഠനം വിപുലീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് സൗദി അറേബ്യ.ചൈനയും അറബ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുന്നതിന്റെ മുന്നോടിയായാണ് ഈ വിപുലീകരണം എന്നാണ് സൂചന.
സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനെയും കിരീടാവകാശി മുഹമ്മദ് രാജകുമാരനെയും സന്ദർശിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ശനിയാഴ്ചയാണ് സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനത്തിന് ശേഷം മടങ്ങിയത്.
അറബ് ലോകവും ചൈനയും തമ്മിലുള്ള പങ്കാളിത്തം ശക്തമാക്കാൻ നടപടികൾ. അടുത്ത ദിവസങ്ങളിൽ ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ നേതാക്കളുമായും മറ്റ് അറബ് നേതാക്കളുമായും ചെനീസ് ഭരണാധികാരി ഷി ഉച്ചകോടികളിൽ പങ്കെടുത്തിരുന്നു. ഗൾഫ് രാജ്യങ്ങളെ ചൈനീസ് ഭാഷ പഠിപ്പിക്കാൻ ആയിരക്കണക്കിന് അവസരം തന്റെ രാജ്യം നൽകുമെന്ന് ഷി റിയാദിൽ പറഞ്ഞു.
നിലവിൽ രാജ്യത്തെ ചില പൊതു, സ്വകാര്യ സ്‌കൂളുകളിൽ ചൈനീസ് ഭാഷ ഐച്ഛിക വിഷയമായി അവതരിപ്പിച്ചിട്ടുണ്ടെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിലെ പൊതുവിദ്യാഭ്യാസ അണ്ടർസെക്രട്ടറി ഒഹുദ് അൽ ഫാരെസ് പറഞ്ഞു.
“ചൈനീസ് ഭാഷ പ്രധാനപ്പെട്ട ലോക ഭാഷകളിലൊന്നാണ്, വിദ്യാർത്ഥികളെ ആവശ്യമായ വൈദഗ്ധ്യം നേടുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പഠിപ്പിക്കുന്നത്. ഓപ്ഷണൽ പാഠ്യപദ്ധതിയുടെ ഭാഗമായി ചൈനീസ് ഭാഷ പഠിപ്പിക്കുന്നത് വിപുലീകരിക്കും”, അവർ കൂട്ടിച്ചേർത്തു.
നേരത്തെ 2020 മുതൽ സൗദിയിലെ എട്ട് ഹൈസ്‌കൂളുകളിൽ ചൈനീസ് ഭാഷ പരിചയപ്പെടുത്താൻ ആരംഭിച്ചിരുന്നു. ആ വർഷത്തിന്റെ തുടക്കത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ചൈന സന്ദർശിക്കുകയും രാജ്യത്ത് സ്‌കൂളുകളിലും സർവ്വകലാശാലകളിലും ചൈനീസ് ഭാഷയെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള പദ്ധതി തയ്യാറാക്കാൻ ആരംഭിക്കുകയുമായിരുന്നു.