ആർഎസ്എസിന് സ്വാതന്ത്ര സമരത്തിൽ പങ്കില്ല; സവർക്ക് ബ്രിട്ടീഷുകാരിൽ നിന്ന് സ്റ്റൈപൻഡ് വാങ്ങിയിരുന്നു: രാഹുൽ ഗാന്ധി
ആർ.എസ്.എസിനും ബി.ജെ.പിക്കും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കുമില്ലെന്ന് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ ആരോപിച്ചു. ആർഎസ് എസിന്റെ നേതാക്കൾ ബ്രിട്ടീഷുകാരെ സഹായിക്കുകയാണ് ചെയ്തതെന്നും സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് സ്റ്റൈപൻഡ് കൈപ്പറ്റിയിരുന്നതായും രാഹുൽ പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ കർണാടക തുംകൂറിൽ എത്തിയപ്പോൾ സംഘടിപ്പിച്ച റാലിയോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സ്വാതന്ത്ര സമരം നടക്കുമ്പോൾ ബിജെപി ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കും അവർക്കില്ല.
ഞാൻ മനസിലാക്കിയിടത്തോളം ആർഎസ്എസും സവർക്കറും ബ്രിട്ടീഷുകാരെ സഹായിക്കുകയാണ് ചെയ്തത്. സവർക്ക് ബ്രിട്ടീഷുകാരിൽ നിന്ന് സ്റ്റൈപൻഡ് വാങ്ങുകയും ചെയ്തിരുന്നു. അന്ന് എവിടെയും ബിജെപിയുടെ മുൻഗാമികൾ ഉണ്ടായിരുന്നേയില്ല. ഈ സത്യങ്ങൾ ബിജെപിക്ക് മൂടിവയ്ക്കാനാവില്ല. കോൺഗ്രസും അതിന്റെ നേതാക്കളുമാണ് സ്വാതന്ത്ര്യത്തിനായി പോരാടിയത്- രാഹുൽ പറഞ്ഞു.
ഇതോടൊപ്പം തന്നെ ബിജെപി രാജ്യത്ത് വിദ്വേഷവും അക്രമവും വളർത്തുകയാണെന്ന് കുറ്റപ്പെടുത്തിയ രാഹുൽ, ഇത് ദേശവിരുദ്ധ നടപടിയാണെന്നും വ്യക്തമാക്കി. വിദ്വേഷവും അക്രമവും വളർത്തുന്ന ആരോടും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.