യുപിയിലെ സിലബസില്‍ ഇനി സവര്‍ക്കറുടെ ജീവചരിത്രവും; എല്ലാ സ്‌കൂളുകളിലും നിർബന്ധം
ഉത്തർപ്രദേശിലെ ബോര്‍ഡിന്റെ സിലബസില്‍ വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവചരിത്രം ഉള്‍പ്പെടുത്തി. ബോര്‍ഡ് നടത്തുന്ന പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ സിലബസില്‍ ‘വീര്‍ സവര്‍ക്കറുടെ’ ജീവചരിത്രം നിര്‍ബന്ധമായും പഠിച്ച് പാസാകണം.
പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ, മഹാവീര്‍ ജെയിന്‍, പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ ഉൾപ്പെടെയുള്ള 50 പേരുടെ ജീവിതകഥകളാണ് ഉത്തര്‍പ്രദേശ് സെക്കന്‍ഡറി എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ (യുപിഎംഎസ്പി) സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇവർക്ക് പുറമെ അരവിന്ദ് ഘോഷ്, രാജാറാം മോഹന്‍ റോയ്, സരോജിനി നായിഡു, നാനാ സാഹേബ് തുടങ്ങിയ മഹാന്മാരുടെ ജീവചരിത്രങ്ങളും സ്‌കൂള്‍ കുട്ടികള്‍ ഇനി അവരുടെ സിലബസില്‍ പഠിക്കേണ്ടി വരും. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഈ വിഷയം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
അതിനു പുറമെ ഈ വിഷയത്തില്‍ വിദ്യാര്‍ഥികള്‍ വിജയിക്കണമെന്നത് നിര്‍ബന്ധമാക്കാനാണ് തീരുമാനം. എന്നാല്‍ 10-12 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ മാര്‍ക്ക് ഷീറ്റില്‍ ഈ വിഷയത്തിന്റെ മാര്‍ക്ക് ചേര്‍ക്കില്ല.