ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രം; വിവാദമായപ്പോൾ നീക്കം ചെയ്തു
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രവും. എറണാകുളം ജില്ലയിൽ നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിലാണ് സവർക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്.
ചിത്രം ശ്രദ്ധയിൽ പെട്ടതിനെതിനെ തുടർന്ന് സംഭവം വിവാദമായതോടെ പ്രവർത്തകർ ഈ ചിത്രത്തിന് മുകളിൽ മഹാത്മാഗാന്ധി ചിത്രം വെച്ച് മറയ്ക്കുകയായിരുന്നു. സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പമാണ് കോൺഗ്രസിന്റെ പ്രചാരണ ബോർഡിൽ ‘വീർ സവർക്കറു’ടെ ചിത്രവും പ്രത്യക്ഷപ്പെട്ടത്.
വിവാദമായപ്പോൾ വിശദീകരണവുമായി കോൺഗ്രസ് രംഗത്തെത്തി. ഫ്ലക്സ് സ്ഥാപിച്ചത് ഒരു പ്രാദേശിക പ്രവർത്തകനായിരുന്നുവെന്നാണ് വിശദീകരണം. ഇയാൾ ഫ്ലക്സ് പ്രിന്റിങ്ങിനായി ഒരു കടക്കാരനെ ഏൽപ്പിക്കുകയും സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം പതിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അപ്പോൾ സംഭവിച്ച പിഴവാണ് അതെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം വിശദീകരിക്കുന്നത്. പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ അത് നീക്കാൻ നിർദ്ദേശം നൽകിയതായി നേതാക്കൾ അറിയിച്ചു.