വടക്ക് തെക്ക് എന്നൊക്കെ പറയുന്ന രീതി മാറണം;നമ്മള്‍ എപ്പോഴും ഇന്ത്യന്‍ നടീനടന്മാരാണ്: പ്രിയാമണി

single-img
30 March 2024

മലയാളത്തിന് പുറമെ തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും സജീവമാണ് നടി പ്രിയാമണി . ഇവരുടെ ഏറ്റവും പുതിയ ചിത്രം മൈദാൻ റിലീസിനൊരുങ്ങുകയാണ്. സൂപ്പർ താരം അജയ് ദേവ്ഗൺ ആണ് ഇതിൽ നായകൻ. ഈസമയം തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ പോയി അഭിനയിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് പ്രിയാമണി.

സാധാരണയുള്ള ബോളിവുഡ് നടിമാരെ പോലെ ചിലപ്പോള്‍ വളരെ തിളക്കമുള്ള, വെളുത്ത ചര്‍മ്മമുള്ളവരായിരിക്കില്ല തങ്ങളെന്നും, എന്നാൽ അതെല്ലാം സംസാരത്തിൽ മറികടക്കാൻ സാധിക്കുമെന്നുമാണ് പ്രിയാമണി പറയുന്നത്. “നമുക്ക് ഒരു അവസരം ലഭിക്കുമ്പോൾ ചിലപ്പോള്‍ അവര്‍ പറയുന്നത്, ഒരു സൗത്ത് ഇന്ത്യന്‍ കാരക്ടര്‍ ഉണ്ട്, അതുകൊണ്ടാണ് നിങ്ങളെ കാസ്റ്റ് ചെയ്തത് എന്നാണ്.

എന്നാൽ ഇനി അത് മാറുമെന്നാണ് ഞാന്‍ കരുതുന്നത്. സൗത്ത് ഇന്ത്യയില്‍ നിന്നാണ് ഞങ്ങള്‍ വരുന്നതെങ്കിലും നന്നായി സംസാരിക്കാന്‍ ഞങ്ങള്‍ക്ക് അറിയാം. എല്ലാവരെയും പോലെ തന്നെ കാണാന്‍ ഭംഗിയുള്ളവരാണ് ഞങ്ങളും. ബോളിവുഡിലെ നടിമാരെ പോലെ ചിലപ്പോള്‍ അത്ര തിളക്കമുള്ള, വെളുത്ത ചര്‍മ്മമുള്ളവരായിരിക്കണം നമ്മള്‍ എന്നില്ല. എന്നാൽ അത് ഒരു വലിയ കാര്യമായി ഞാന്‍ കരുതുന്നില്ല. സൗത്തില്‍ നിന്ന് വരുന്ന നടന്മാരായാലും നടിമാരായാലും അവര്‍ക്ക് ഫ്‌ളുവന്റ് ആയി സംസാരിക്കാന്‍ അറിയാം.

ഗ്രാമര്‍ ചിലപ്പോള്‍ കുറച്ച് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പോകാം. അതൊന്നും പ്രശ്‌നമുള്ള കാര്യമില്ല. പകരം വികാരങ്ങളെ എങ്ങനെ അവതരിപ്പിക്കുന്നു എന്നുള്ളതിലാണ് കാര്യം. വടക്ക് തെക്ക് എന്നൊക്കെ പറയുന്ന രീതി മാറണം. നമ്മള്‍ എപ്പോഴും ഇന്ത്യന്‍ നടീനടന്മാരാണ്. ആ രീതിയില്‍ കാണാന്‍ സാധിക്കണം.” – പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ പ്രിയാമണി പറയുന്നു.