സഞ്ജുവിനെ എന്തുകൊണ്ട് ക്യാപ്റ്റനാക്കി; മുന്‍ പാക് താരം ഡാനിഷ് കനേരിയ പറയുന്നു
ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും സഞ്ജു സാംസനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തത് വിവാദമായ പിന്നാലെയാണ് താരത്തെ ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ യുടെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. ഇപ്പോൾ ഇതാ, സഞ്ജുവിനെ ക്യാപ്റ്റനാക്കിയത് ബിസിസിഐ കടുത്ത സമ്മര്‍ദ്ദത്തെ നേരിട്ടതു കൊണ്ടാണെന്ന് വ്യക്തമാക്കുകയാണ് മുന്‍ പാക് താരം ഡാനിഷ് കനേരിയ.
ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ താരത്തെ ഉള്‍പ്പെടുത്താത്തത് വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായെന്നും അതിനാലാണ് സഞ്ജുവിനെ ക്യാപ്റ്റനാക്കേണ്ടി വന്നതെന്നും കനേരിയ വ്യക്തമാക്കുന്നു.
രാജ്യമാകെ സഞ്ജുവിന് മികച്ച ആരാധകരുണ്ട്. ഓസ്ട്രേലിയയില്‍ പോലും അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി നിങ്ങള്‍ക്ക് ഒരു എക്സ് ഫാക്ടര്‍ നല്‍കുമായിരുന്നു.
ഫാസ്റ്റ് ബൗളർ മാരുടെ ബൗണ്‍സ് വിക്കറ്റുകളില്‍, സഞ്ജുവിനെക്കാള്‍ മികച്ചതായി ഇന്ത്യയ്ക്ക് മറ്റാരുമില്ല. സഞ്ജുവിനെ ടി20 ലോകകപ്പിലേക്ക് തെരഞ്ഞെടുക്കാത്തതിനാലാണ് താരത്തെ ഇപ്പോള്‍ ഇന്ത്യ എ ക്യാപ്റ്റന്‍ ആക്കിയെന്നും കനേരിയ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. അതേസമയം, ക്യാപ്റ്റനായത് ഒരു അവസരമായി കാണണമെന്നാണ് കനേരിയയുടെ പ്രതികരണം.
തീർച്ചയായും ക്യാപ്റ്റന്‍ സ്ഥാനം അഭിമാനമാണ്. സഞ്ജുവിനെ എപ്പോള്‍ ഒരു ദേശീയ ടീമിന്റെ നായകനാക്കിയാലും അത് ഏത് വിഭാഗമായാലും അഭിമാനകരമാണ്.ഒരു ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യ എയ്ക്ക് വേണ്ടി പരമ്പര നേടാനായാല്‍ അത് മഹത്തരമായിരിക്കുമെന്നും കനേരിയ പറയുന്നു.