അദാനി ഗ്രൂപ്പിന്റെ തകർച്ചയിൽ എസ്ബിഐക്കും എല്‍ഐസിക്കും അപകടസാധ്യതയില്ല: മന്ത്രി നിര്‍മ്മല സീതാരാമന്‍

single-img
4 February 2023

പൊതുമേഖലയിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും (എല്‍ഐസി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) അദാനി ഗ്രൂപ്പുമായി വലിയ ഇടപാടുകളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയും ഏറ്റവും വലിയ പൊതുമേഖലാ ബാങ്കും അദാനിയുമായി നടത്തിയ ഇടപാടുകള്‍ പരിധോധിച്ചിട്ടുള്ളതായും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

രാജ്യത്തെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനായ ഗൗതം അദാനി ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക നഷ്ടത്തിന് സാക്ഷ്യം വഹിക്കുന്നതിനിടെയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അഭിപ്രായപ്രകടനം. കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് 120 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

അതേസമയം, എല്‍ഐസിയും എസ്ബിഐയും അദാനി കമ്പനികള്‍ക്ക് നല്‍കിയ വായ്പ തങ്ങളുടെ അനുവദനീയമായ പരിധിക്കുള്ളില്‍ നിന്ന് തന്നെയാണ് എന്ന് വ്യക്തമായതായി ധനമന്ത്രി പറഞ്ഞു. എസ്ബിഐ അടക്കം ഇന്ത്യയിലെയും വിദേശത്തെയും ബാങ്കുകള്‍ ഓഹരി ഈടായി സ്വീകരിച്ച് അദാനിക്ക് നല്‍കിയ വായ്പ രണ്ടു ലക്ഷം കോടിയിലേറെ വരുമെന്നാണ് കണക്ക്.