സിബിഐ അറസ്റ്റ് ചെയ്തതിനെതിരായ മനീഷ് സിസോദിയയുടെ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു
സിബിഐ അറസ്റ്റ് ചെയ്തതിനെതിരായ സിസോദിയയുടെ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. മദ്യനയ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ്ചെയ്തതിനെതിരെ ആണ് ഡൽഹി ഉപമുഖ്യമന്ത്രി കൂടെയായ മനീഷ് സിസോദിയ സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും സുപ്രീം കോടതി നിർദ്ദേശം നൽകി.
മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐയുടെ എട്ടു മണിക്കൂർ ചോദ്യം ചെയ്യലിനൊടുവിൽ ഞായറാഴ്ച രാത്രിയാണ് മനീഷ് സിസോദിയ അറസ്റ്റിലായത്. ഇന്നലെ സിസോദിയയുടെ കേസ് പരിഗണിച്ച ഡൽഹി റോസ് അവന്യു കോടതി അദ്ദേഹത്തെ അഞ്ചു ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു. വിശദമായ ചോദ്യം ചെയ്യലിനു കസ്റ്റഡിയിൽ വിടണമെന്ന ആവശ്യം ജഡ്ജി എൻ.കെ.നാഗ്പാൽ അംഗീകരിക്കുകയായിരുന്നു.
ചർച്ചകളിലൂടെയാണ് മദ്യനയം തീരുമാനിച്ചതെന്നും ഗൂഢാലോചനയില്ലെന്നും സിസോദിയയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ ഗൂഢാലോചനാ വാദത്തിൽ ഉറച്ചുനിന്ന സിബിഐ, നേരത്തെ അറസ്റ്റിലായ പ്രതികൾക്കൊപ്പം സിസോദിയയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നു വ്യക്തമാക്കിയതോടെ കോടതി അത് അംഗീകരിക്കുകയായിരുന്നു