സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗുകളുടെ ഭാരം 2.5 കിലോയില്‍ കൂടരുത്; പുതിയ നയവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

single-img
3 September 2022

മധ്യപ്രദേശിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ നയം അനുസരിച്ച് അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം 2.5 കിലോയില്‍ കൂടരുത്.

മാത്രമല്ല സ്‌കൂളുകളില്‍ ആഴ്ചയില്‍ ഒരിക്കല്‍ നോ ബാഗ് ഡേയും ഉണ്ടായിരിക്കും. കായിക പരിപാടികൾക്കും മറ്റ് വിനോദ പരിപാടികൾക്കും പ്രാധാന്യം നൽകുന്ന ദിവസമായിരിക്കും ഇത്. കേന്ദ്രത്തിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമാണ് പുതിയ നയം. സര്‍ക്കാര്‍- സ്വകാര്യ സ്‌കൂളുകളിൽ ഒരേപോലെ നയം നടപ്പിലാക്കും.

2018ലായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ടെക്സ്റ്റ് ബുക്കുകള്‍, നോട്ട്ബുക്കുകള്‍, ഗൈഡുകള്‍, വാട്ടര്‍ ബോട്ടിലുകള്‍, ലഞ്ച് ബോക്‌സുകള്‍ എന്നിവ ബാഗുകളുടെ ഭാരം വര്‍ധിപ്പിക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ നിരീക്ഷണം.