കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു; മധ്യപ്രദേശിൽ സ്കൂൾ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു
മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തതിന് ഒരു സർക്കാർ സ്‌കൂൾ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തതായി ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. സംസ്ഥാന ട്രൈബൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുള്ള കനസ്യയിലെ പ്രൈമറി സ്‌കൂളിലെ അധ്യാപകനായ രാജേഷ് കണ്ണോജെയെ നവംബർ 25-ന് യാത്രയിൽ പങ്കെടുത്തതിന് ശേഷം സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
സസ്‌പെൻഷൻ ഉത്തരവ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്. “സർവീസ് പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതിനും രാഷ്ട്രീയ റാലിയിൽ പങ്കെടുത്തതിനുമാണ് കണ്ണോജെയെ സസ്‌പെൻഡ് ചെയ്തത്. പ്രധാനപ്പെട്ട ജോലി ചൂണ്ടിക്കാട്ടി അദ്ദേഹം അവധി തേടിയിരിക്കുകയായിരുന്നു, എന്നാൽ ഒരു രാഷ്ട്രീയ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം അദ്ദേഹം ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു,” ട്രൈബൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണർ എൻ എസ് രഘുവംശി പറഞ്ഞു.
അതേസമയം, ആർഎസ്എസ് ശാഖകളിൽ പങ്കെടുക്കാൻ ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ ജീവനക്കാരെ അനുവദിച്ചിട്ടുണ്ടെന്നും എന്നാൽ കോൺഗ്രസ് പരിപാടിയിൽ രാജേഷ് കണ്ണോജെ എന്ന ആദിവാസിയെ സസ്‌പെൻഡ് ചെയ്തതായും സംസ്ഥാന കോൺഗ്രസ് മാധ്യമ വിഭാഗം ചെയർപേഴ്‌സൺ കെകെ മിശ്ര ട്വീറ്റ് ചെയ്തു.