കടുത്ത ചൂട്; പശ്ചിമ ബംഗാളിൽ സ്കൂളുകൾക്കും കോളേജുകൾക്കും അടുത്തയാഴ്ച അവധി
കടുത്ത ചൂടിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അടുത്തയാഴ്ച അവധിയായിരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്‌കൂളിൽ നിന്ന് വന്നതിന് ശേഷം കുട്ടികൾ തലവേദനയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും അനുഭവപ്പെടുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചത്.
“കഠിനമായ ചൂടിന്റെ സാഹചര്യം കണക്കിലെടുത്ത് സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച മുതൽ അടുത്ത ആഴ്ച ശനിയാഴ്ച വരെ അവധിയായിരിക്കും. ഈ കാലയളവിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത് ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കു- ബാനർജി പറഞ്ഞു. “ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 4 വരെ വെയിലത്ത് ഇറങ്ങുന്നത് ഒഴിവാക്കാനും ഞാൻ ആളുകളോട് അഭ്യർത്ഥിക്കുന്നു,” അവർ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ മിക്ക സ്ഥലങ്ങളിലും പകൽ താപനില 40 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ്, ഏപ്രിൽ 19 വരെ ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.