അരങ്ങേറ്റ മത്സരത്തിൽ ഏഴ് വിക്കറ്റുകൾ ; ചരിത്ര നേട്ടവുമായി സ്കോട്‍ലൻഡ് പേസർ
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് അരങ്ങേറ്റ മത്സരത്തിൽ തന്നെ ഏഴ് വിക്കറ്റുകൾ വീഴ്ത്തി ചരിത്ര നേട്ടം സ്വന്തമാക്കി സ്കോട്‍ലൻഡ് പേസർ ചാര്‍ലി കാസൽ. കഴിഞ്ഞ ദിവസം ഒമാനെതിരെ നടന്ന ഏകദിന മത്സരത്തിലാണ് താരത്തിന്റെ നേട്ടം.
കളിയിൽ 5.4 ഓവർ പന്തെറിഞ്ഞ ചാർലി കാസൽ 21 റൺസ് വിട്ടുനൽകിയാണ് ഏഴ് വിക്കറ്റുകൾ സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റ് അരങ്ങേറ്റത്തിൽ ഒരു താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. ക്ഷിണാഫ്രിക്കയുടെ പേസർ കഗീസോ റബാഡയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് സ്കോട്‍ലൻഡ് താരം മറികടന്നത്.
2015 ജൂലൈയിൽ ബംഗ്ലാദേശിനെതിരെ അരങ്ങേറ്റം കുറിച്ച റബാഡ വെറും 16 റൺസ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഒമാനെതിരായ മത്സരത്തിൽ ചാർലി കാസലിന്റെ ബൗളിംഗ് പ്രകടനത്തിൽ സ്കോട്ലൻഡ് ഒമാനെ 91 റൺസിൽ ഓൾ ഔട്ടാക്കിയിരുന്നു. ഓപ്പണർ പ്രതീക് അതാവ്‍ലെ 56 പന്തിൽ 34 റൺസെടുത്ത് ടോപ് സ്കോററായി.
മറുപടിയിൽ സ്കോട്ലൻഡ് 17.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 196 പന്തുകളും സ്കോട്ടീഷ് സംഘം ബാക്കിനിർത്തി. 37 റൺസെടുത്ത് പുറത്താകാതെ നിന്ന ബ്രണ്ടൻ മക്മുല്ലനാണ് സ്കോട്ലൻഡ് വിജയം എളുപ്പത്തിലാക്കിയത്. ക്യാപ്റ്റൻ റിച്ചി ബെറിംഗ്ടൺ 24 റൺസുമെടുത്തും പുറത്താകാതെ നിന്നു.