എസ് ഡി പിഐ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസി; നിരോധിക്കുകയല്ല, ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുകയാണ് വേണ്ടത്: എംവി ജയരാജൻ


എസ് ഡി പിഐ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയാണെന്നും അവരെ നിരോധിക്കുകയല്ല മറിച്ച് ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സംസ്ഥാനത്തെ പൊലീസ് കാര്യക്ഷമമായി പ്രവർത്തിച്ചത് കൊണ്ടാണ് എൻഐഎയ്ക്ക് റെയ്ഡ് നടത്തി പോകാൻ കഴിഞ്ഞതെന്നും അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
ഇതോടൊപ്പം തന്നെ പയ്യന്നൂരിലെ സിപിഎം ഫണ്ട് തിരിമറി ആരോപണം പൊലീസ് അന്വേഷിക്കേണ്ടതില്ല .തിരിമറി നടന്നിട്ടില്ല എന്ന് പാർട്ടി അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ വിഷയത്തിൽ ഇനിയൊരു അന്വേഷണവും ചർച്ചയും ആവശ്യമില്ലെന്ന് പറഞ്ഞ എം വി ജയരാജൻ, ഏരിയ സെക്രട്ടറി ആയിരുന്ന കുഞ്ഞികൃഷ്ണൻ പൊതുപ്രവർത്തനം നിർത്തിയതിന്റെ കാരണം അദ്ദേഹം തന്നെ വിശദീകരിക്കട്ടേ എന്നും പറഞ്ഞു.
നേരത്തെ പയ്യന്നൂരിൽ സിപിഎമ്മിലെ ഫണ്ടുകളിൽ ഒരു കോടിയോളം രൂപയുടെ തിരിമറി നടന്നു എന്ന് തെളിവ് സഹിതമുള്ള പരാതിയാണ് ജില്ലാ കമ്മിറ്റിക്ക് കിട്ടിയിരുന്നത്. വിഷയത്തിൽ ടി ഐ മധുസൂധനന് പുറമെ ഏരിയ കമ്മറ്റി അംഗങ്ങളായ ടി വിശ്വനാധൻ, കെ കെ ഗംഗാധരൻ, ഓഫീസ് സെക്രട്ടറി കരിവെള്ളൂർ കരുണാകരൻ, മുൻ ഏരിയ സെക്രട്ടറി കെ പി മധു തുടങ്ങിയവർക്കെതിരെയായിരുന്നു പ്രധാനമായും പരാതി.