അർജുനായുള്ള തെരച്ചിൽ; ഡ്രെഡ്ജർ ഗംഗാവലി പുഴയിലെത്തിച്ചു

single-img
19 September 2024

കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിലിന് ഡ്രെഡ്ജർ ഗംഗാവലി പുഴയിലെത്തിച്ചു.ഇന്ന് വൈകുന്നേരം 4.45 ഓടെയാണ് ഡ്രെഡ്ജർ ഗംഗാവാലി പുഴയില്‍ എത്തിച്ചത്. പുഴയിലെ ആദ്യ പാലം കടന്ന് ഡ്രെഡ്ജർ ഷിരൂരിലേക്ക് യാത്ര തുടരുകയാണ്.

വേലിയിറക്ക സമയം വെള്ളം കുറഞ്ഞതോടെയാണ് പാലത്തിന് അടിയിലൂടെ‌ ഡ്രെഡ്ജർ കടത്തിയത്. വെള്ളിയാഴ്ച രാവിലെ തെരച്ചില്‍ പുനരാരംഭിക്കാനാകുമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. ഗോവയില്‍ നിന്ന് ബുധനാഴ്ച ഡ്രെഡ്ജർ കാർവാർ തുറമുഖത്ത് എത്തിച്ചിരുന്നു.

ആഗസ്റ്റ് പതിനാറിനാണ് അ‍ർജുനായുള്ള തിരച്ചിൽ അവസാനിപ്പിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുട‍ർന്ന് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. തുട‍ന്ന് അ‍ർജുന്റെ മാതാപിതാക്കൾ ക‍ർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ടെത്തിക്കണ്ട് തിരച്ചിൽ പുനരാരംഭിക്കണമെന്ന് അഭ്യ‍ർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സാങ്കേതിക പ്രശ്നങ്ങള് പരിഹരിച്ച് തിരച്ചിൽ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്.

കഴിഞ്ഞ ജൂലൈ പതിനാറിനാണ് ഷിരൂരിൽ അര്ജുന് മണ്ണിടിച്ചിലിൽ പെടുന്നത്. അ‍ർജുനൊപ്പം ലോറിയും കാണാതായി. അ‍ർജുനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള് പരാതി നൽകിയെങ്കിലും തുടക്കത്തിൽ അലസ മനോഭാവമാണ് ഭരണകൂടം കാണിച്ചത്.സംഭവം വിവാദമാവുകയും കേരളത്തിന്റെ ഇടപെടലുണ്ടായതിനും പിന്നാലെ അ‍ർജുനായിരുള്ള തിരച്ചിൽ നടത്താൻ ഭരണകൂടം തയ്യാറായി.