ഇതര സമുദായത്തിൽപെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കാൻ പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യ വിഭാഗം; കോടതിയിൽ എൻഐഎ
മറ്റുള്ള സമുദായത്തിൽപെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കാൻ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യ വിഭാഗം ഉണ്ടായിരുന്നെന്ന് എൻഐഎ. കേരളത്തിൽ വ്യാപകമായി റിപ്പോർട്ടർമാരുടെ ഒരു സംഘം പ്രവർത്തിച്ചിരുന്നുവെന്നും വിവരശേഖരണം നടത്തുന്നതും പട്ടിക തയ്യാറാക്കിയതും ഈ സീക്രട്ട് വിംഗാണെന്നും എന്‍ഐഎ കോടതിയില്‍ ഇന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൻ രേഖകളുടെ പരിശോധനയിൽ പിഎഫ്ഐ നേതാക്കളുടെ ഐ.എസ് ബന്ധത്തിന് തെളിവുകളുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.
രാജ്യദ്രോഹ പ്രവർത്തനത്തിന് ഫണ്ട് നൽകിയതിലും അന്വേഷണം തുടരുകയാണ്. പ്രതികളുടെ റിമാൻഡ് 180 ദിവസമായി വർദ്ധിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.14 പ്രതികളുടെ റിമാൻഡ് ആണ് കൊച്ചി എൻഐഎ കോടതി നീട്ടിയത്.