ഹൈക്കോടതിയില്‍ സുരക്ഷ ശക്തമാക്കി;ഓണ്‍ലൈന്‍ പാസ് ഇല്ലാതെ ഇനി കോടതിയിലേക്ക് പ്രവേശിക്കാന്‍ ആകില്ല

single-img
31 October 2022

കൊച്ചി: ഹൈക്കോടതിയില്‍ സുരക്ഷ ശക്തമാക്കി. ഓണ്‍ലൈന്‍ പാസ് ഇല്ലാതെ ഇനി കക്ഷികള്‍ക്കോ സന്ദര്‍ശകര്‍ക്കോ കോടതിയിലേക്ക് പ്രവേശിക്കാന്‍ ആകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവ് ഇറക്കി.

ഹൈക്കോടതി കെട്ടിടത്തിന് മുകളില്‍ കയറി ഹര്‍ജിക്കാരന്‍ ആത്മഹത്യാശ്രമം നടത്തിയ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയുള്ള ഉത്തരവ്. കോടതി ജീവനക്കാര്‍ ഹൈക്കോടതി വളപ്പില്‍ പ്രവേശിക്കുമ്ബോള്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യക്തമായി ധരിക്കണമെന്നും കോടതി ഉത്തരവിട്ടു. എന്‍ട്രി പോയിന്റുകളില്‍ സ്ഥാപിച്ചിട്ടുള്ള ബയോമെട്രിക് മെഷീനുകള്‍ വഴിയും ഹാജര്‍ രേഖപ്പെടുത്തണം. കോട്ട് ധരിക്കാത്ത അഭിഭാഷകര്‍ തിരിച്ചറിയലിനായി എന്‍ട്രി പോയിന്റുകളില്‍ അവരുടെ ഐഡി കാര്‍ഡ് കാണിക്കേണ്ടതുണ്ട്. അതേസമയം അഭിഭാഷക വേഷം ധരിച്ചെത്തുന്നവരെ സംശയം ഉയര്‍ന്നാല്‍ മാത്രമേ പരിശോധിക്കാവൂ എന്നും കോടതി നിര്‍ദേശിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം, ഹൈക്കോടതി കെട്ടിടത്തില്‍ പ്രവേശിക്കുന്നതിന് അഭിഭാഷക ഗുമസ്തന്മാര്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം.