ബിജെപിയെ കാണുന്നത് ഗുരുവായി; എന്തൊക്കെ ചെയ്യാൻ പാടില്ലെന്ന് അവർ പഠിപ്പിക്കുന്നു: രാഹുൽ ഗാന്ധി

single-img
31 December 2022

ബിജെപിയെ താൻ തന്റെ ​ഗുരുവായാണ് കാണുന്നതെന്നും എന്തൊക്കെ ചെയ്യാൻ പാടില്ലെന്ന് അവർ തന്നെ പഠിപ്പിക്കുന്നതായും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ബിജെപി കോൺഗ്രസിനെ എത്രത്തോളം ആക്രമിക്കുന്നുവോ അത്രത്തോളം കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം ജനങ്ങൾക്ക് മനസിലാകാൻ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ബിജെപി ഞങ്ങൾക്ക് നേരെ ആക്രമണം നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കാരണം കോൺഗ്രസ് പാർട്ടിയെ അവരുടെ പ്രത്യയശാസ്ത്രം മനസിലാക്കാൻ സഹായിക്കും. അവരെ എന്റെ ഗുരുവായി ഞാൻ കരുതുന്നു. അവർ എനിക്ക് വഴി കാണിക്കുകയും എന്തൊക്കെ ചെയ്യാൻ പാടില്ലെന്ന് എന്നെ പഠിപ്പിക്കുകയും ചെയ്യുന്നു”- രാഹുൽ പറഞ്ഞു.

“ബിജെപിയും കോൺഗ്രസും തമ്മിലുള്ള ഈ പോരാട്ടം ഇനി തന്ത്രപരമായ രാഷ്ട്രീയ പോരാട്ടമല്ല. പ്രതിപക്ഷത്തിന് ഒരു പ്രത്യയശാസ്ത്ര ചട്ടക്കൂട് ആവശ്യമാണ്. അതാവട്ടെ നിലവിൽ കോൺഗ്രസിന് മാത്രം നൽകാൻ കഴിയുന്ന ഒന്നാണ്. പ്രതിപക്ഷ പാർട്ടികൾക്ക് സുഖകരമായ അന്തരീക്ഷം ഉറപ്പാക്കുക എന്നതും ഞങ്ങളുടെ ചുമതലയാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരത് ജോഡോ യാത്രയിൽ എല്ലാ പ്രതിപക്ഷ നേതാക്കളും കോൺഗ്രസിനൊപ്പമാണെന്നും എന്നാൽ ചില രാഷ്ട്രീയ സമ്മർദങ്ങൾ ഉണ്ടെന്ന് മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.