ഖത്തറിനെ പരാജയപ്പെടുത്തി സെനഗല്‍; പരാജയത്തിലും ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ നേടി ഖത്തർ
ഫിഫ ലോകകപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ 3-1 ന് പരാജയപ്പെടുത്തി സെനഗല്‍. ടൂർണമെന്റിലെ ആദ്യ റൗണ്ട് കടക്കാൻ വിജയം ഇരുടീമുകൾക്കും ഒരുപോലെ അനിവാര്യമായ മത്സരത്തിൽ ഏഷ്യൻ ശക്തിയെ ആഫ്രിക്കൻ കരുത്തുകൊണ്ടു കീഴടക്കുകയായിരുന്നു സെനഗൽ.
മറ്റൊരു ചരിത്രനേട്ടത്തിനും പരാജയത്തിനിടയിൽ ഖത്തർ ഉടമയായി. ഫിഫ ഫുട്‌ബോള്‍ ചരിത്രത്തിൽ തങ്ങളുടെ ആദ്യ ഗോൾ നേടി ഖത്തർ സംതൃപ്തരായി. കളിയുടെ 41-ാം മിനിറ്റില്‍ ഖത്തറിന്റെ വലകുലുക്കി മുന്നേറ്റതാരം ബൗലായെ ഡിയ സെനഗലിനെ മുന്നിലെത്തിച്ചു.
ഖത്തർ പ്രതിരോധതാരം ഖൗക്കിയുടെ പിഴവിലൂടെയാണ് ഗോള്‍ പിറന്നത്. രണ്ടാം പകുതിയുടെ ആരംഭത്തിൽ തന്നെ സെനഗല്‍ വീണ്ടും ഖത്തറിനെ ഞെട്ടിച്ചു. ഇത്തവണ ഫമാറ ഡൈഡ്ഹിയോവുവാണ് സെനഗലിനായി ഗോളടിച്ചത്.
കളിയുടെ 78-ാം മിനിറ്റിലായിരുന്നു ഖത്തര്‍ ലോകകപ്പിലെ ചരിത്ര ഗോള്‍ നേടിയത് . ഫിഫയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഖത്തറിന്റെ ആദ്യ ഗോളാണിത്. മുഹമ്മദ് മുന്‍ടാരിയാണ് ഖത്തറിനായി ഈ ചരിത്ര ഗോൾ സ്വന്തമാക്കിയത്.