മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീട്ടു ജോലി ചെയ്യാനായി പൊലീസുകാരെ പറഞ്ഞു വിടരുത്; കെബി ഗണേഷ് കുമാര്‍ എംഎല്‍എ
തിരുവനന്തപുരം: മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീട്ടു ജോലി ചെയ്യാനായി പൊലീസുകാരെ പറഞ്ഞു വിടരുതെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ.
കടയില്‍ പോകാനും പട്ടിയെ കുളിപ്പിക്കാനും ഒക്കെ വേറെ നിയമനം നടത്തിക്കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയില്‍ സംസാരിക്കവേ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ സേനാംഗങ്ങളുടെ കുറവുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പൊലീസ് സ്റ്റേഷനുകളില്‍ സേനാംഗങ്ങളുടെ കുറവുണ്ട്. എന്തെങ്കിലും കുറ്റകൃത്യം നടന്നാല്‍ പൊലീസിന് പോകാന്‍ സാധിക്കുന്നില്ല. വിഴിഞ്ഞത്ത് സംഘര്‍ഷമുണ്ടായപ്പോള്‍ ഇത് പ്രതിഫലിച്ചതായും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് വിഭാഗത്തില്‍ നിരവധി പേര്‍ വെറുതെ ഇരിക്കുന്നുണ്ട്. ഒരോ ഐപിഎസ് ഉദ്യോഗസ്ഥന്റെ കൂടെയും നാല് പേരുണ്ട്. ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ പലവ്യഞ്ജനം വാങ്ങിക്കാന്‍ പോകുന്നത് സിവില്‍ പൊലീസ് ഓഫീസറാണ്. പട്ടിയെ കുളിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു സിവില്‍ പൊലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. ഐപിഎസ് ഓഫീസറുടെ മകള്‍ സിവില്‍ പൊലീസ് ഓഫീസറെ തല്ലുന്നു. ഈ നാട്ടില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം.
ഇതു മാത്രമല്ല. ആ ഐപിഎസ് ഓഫീസറുടെ വീട്ടിലെ തുണികളെല്ലാം അലക്കി തൊട്ടിയിലെടുത്ത് ടെറസില്‍ കൊണ്ടു പോയി വിരിച്ചിടുന്നതു ഒരു സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ്. ഡിഗ്രിയും എംഎയും എംബിഎയും പാസായവര്‍ വരെ കേരള പൊലീസില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായുണ്ട്. ഇവരെക്കൊണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വീട്ടു ജോലി ചെയ്യിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ അവസാനിപ്പിക്കണം.
ഉദ്യോഗസ്ഥര്‍ മാത്രമല്ല രാഷ്ട്രീയക്കാരുമുണ്ട്. ജനങ്ങള്‍ തെരഞ്ഞെടുത്തവരെ ആ ജനങ്ങള്‍ തന്നെ കൊല്ലുമെന്ന് കേരളത്തില്‍ പേടിക്കേണ്ട യാതൊരു കാര്യവുമില്ല. അതിനാല്‍ ജീവന് ഭീഷണിയില്ലാത്ത എല്ലാ പൊതുപ്രവര്‍ത്തകരും ഈ സബ്മിഷന് മുഖ്യമന്ത്രി മറുപടി പറഞ്ഞു കഴിഞ്ഞാല്‍ ഒപ്പമുള്ള ബോഡി ഗാര്‍ഡ്സിനെ തിരിച്ചയക്കണം.
രാഷ്ട്രീയക്കാര്‍ക്ക് ഗണ്‍മാന്‍മാരെ വിടരുത്. മന്ത്രി സ്ഥാനം ഒഴിഞ്ഞവര്‍ ഗണ്‍മാന്‍മാരെ ഒഴിവാക്കണം. കേരള നിയമസഭയില്‍ കഴിഞ്ഞ ആറ് വര്‍ഷമായി അംഗമല്ലാത്ത ആള്‍ പോലും നാല് പൊലീസുകാരെ കൂടെ കൊണ്ടു നടക്കുന്നുണ്ട്. ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
വീട്ടു ജോലിക്ക് ആളെ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി, എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കി. ഇക്കാര്യം ആ വീട്ടുകാര്‍ തന്നെ നോക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.