കേരളത്തിൽ സെപ്റ്റംബർ പേവിഷ പ്രതിരോധ മാസമായി ആചരിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ
കേരളത്തിൽ സെപ്റ്റംബർ പേവിഷ പ്രതിരോധ മാസമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. സെപ്റ്റംബർ 20 മുതൽ തെരുവ് നായ്ക്കൾക്ക് വാക്സിൻ നൽകാനായി തീവ്ര യജ്ഞം ആരംഭിക്കും.
ജനങ്ങൾ എല്ലാവരും ഒരുമിച്ച് നിന്ന് നേരിടേണ്ട വിഷയമാണ് തെരുവ് നായ ശല്യമെന്നും തെരുവ് നായ്ക്കളെ കൊന്ന് പ്രശ്നം പരിഹരിക്കാൻ സാധിക്കില്ല… അത്തരം കൃത്യം ചെയ്യുന്നത് അംഗീകരിക്കാൻ പറ്റില്ലെന്നും ശാസ്ത്രീയമായ പ്രശ്ന പരിഹാരമാണ് ഇതിനായി വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നത് നായ്ക്കൾ കൂട്ടം കൂടുന്നതിന് കാരണമായിട്ടുണ്ടെന്നും ഇത് കർശനമായി തടയുമെന്നും ഇതിനായി പ്രത്യേക യോഗം ചേർന്ന് നിർദ്ദേശങ്ങൾ നല്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇതോടൊപ്പം തന്നെ സമൂഹത്തിൽ സാമൂഹ്യ വിപത്തായി മയക്കുമരുന്ന് മാറുന്നുവെന്ന് മുഖ്യമന്ത്രിപറഞ്ഞു. കേരളത്തിൽ ഇപ്പോൾ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെ വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും കൂടുതൽ മാരകമായ മയക്കുമരുന്ന് ഇപ്പോൾ വ്യാപകമാണ് അധികമായും യുവജനങ്ങളിലാണ് ലഹരിയുടെ അമിതഉപയോഗം കണ്ടുവരുന്നതെന്നും ഇത് നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുകയാണെന്നും ഇതിന്റെ ഭാഗമായി നാടാകെ അണിനിന്നുള്ള പ്രതിരോധം തീർക്കണമെന്നും മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.