സമസ്ത മേഖലകളിലും സ്ത്രീകളുടെ സമഗ്ര വികസനം സര്‍ക്കാര്‍ ലക്ഷ്യം; സ്ത്രീസദസിലുയര്‍ന്നത് ഗൗരവമായ നിര്‍ദേശങ്ങള്‍: മുഖ്യമന്ത്രി


നവകേരള സത്രീസദസ്സില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉയര്‍ത്തിയ പ്രശ്നങ്ങളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമസ്ത മേഖലകളിലും സ്ത്രീകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മുഖാമുഖം പരിപാടിയായ സ്ത്രീ സദസ്സിലുയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകളുടെ ആരോഗ്യം, ക്യാന്‍സര്‍ രോഗവ്യാപനം, ജീവിതശൈലിരോഗങ്ങള്‍, തൊഴില്‍ പങ്കാളിത്തം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, ഗാര്‍ഹിക പീഢനം, സ്ത്രീകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍, ഭിന്നശേഷിക്കാരായ സ്ത്രീകളുടെ പ്രശ്നങ്ങള്‍, ആര്‍ത്തവ അവധി, തൊഴിലിടങ്ങള്‍ വനിതാശിശു സൗഹൃദമാക്കല്‍, കായിക മേഖലയിലെ സ്ത്രീ പ്രാതിനിധ്യം, ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍, ട്രാന്‍സ് വനിതകളുടെ പ്രശ്നങ്ങള്‍, അന്ധവിശ്വാസവും അനാചാരങ്ങളും വര്‍ധിക്കുന്നതിലെ ആശങ്ക, മത്സ്യമേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങള്‍, കാഴ്ചപരിമിതരായ സ്ത്രീകളുടെ പ്രശ്നങ്ങള്‍, പാഠഭാഗങ്ങളില്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നത്, ശുചിത്വ കേരളം തുടങ്ങിയ വിഷയങ്ങള്‍ മുഖാമുഖത്തില്‍ ചോദ്യങ്ങളായി മുഖ്യമന്ത്രിക്ക് മുന്നിലെത്തി. 56 ചോദ്യങ്ങളാണ് സദസ്സില്‍ ഉയര്‍ന്നത്. 527 നിര്‍ദേശങ്ങള്‍ എഴുതി നല്‍കി.
വനിതാ നയം നടപ്പാക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ചടങ്ങില്‍ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു, മേയര്‍ എം. അനില്‍ കുമാര്‍, ജില്ലാ കളക്ടര്‍ എന്‍. എസ്. കെ ഉമേഷ്, വനിതാ ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഡോ. ശര്‍മിള മേരി ജോസഫ്, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, നടി ഐശ്വര്യ ലക്ഷ്മി, കെ അജിത, നിലമ്പൂര്‍ ആയിഷ, വിജയരാജമല്ലിക, നിഷാ ജോസ് കെ മാണി, ഡോ. ടെസ്സി തോമസ്, ഖദീജ മുംതാസ്, വൈക്കം വിജയലക്ഷ്മി, ഇമ്ത്തിയാസ് ബീഗം, എ.പി നിസ, പി.കെ മേദിനി, ഷൈനി വില്‍സണ്‍, എം.ഡി വത്സമ്മ, ശോഭന ജോര്‍ജ്, ദിവ്യ ഗോപിനാഥ്, ശ്രീമതി ടീച്ചര്‍, മെഴ്സി കുട്ടന്‍ തുടങ്ങിയവര്‍ ണ്‍ വേദിയില്‍ സന്നിഹിതരായിരുന്നു. നവകേരള മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി.എന്‍ സീമ മോഡറേറ്ററായിരുന്നു.