തമിഴ്നാട്ടിലെ തിരുപ്പത്തൂരില്‍ വാഹനാപകടത്തില്‍ ഏഴ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം


ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പത്തൂരില്‍ വാഹനാപകടത്തില്‍ ഏഴ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് വാനില്‍ അമിത വേഗതയിലെത്തിയ ലോറി ആദ്യം പാഞ്ഞുകയറി. പിന്നാലെ റോഡരികിലിരുന്ന സ്ത്രീകളെ ഇടിക്കുകയായിരുന്നു. തിരുപ്പത്തൂരിലെ നാട്രംപള്ളിക്ക് സമീപമാണ് സംഭവം.
ഏഴ് സ്ത്രീകളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. 10 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരെല്ലാം ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നും രണ്ട് ദിവസത്തെ മൈസൂർ യാത്രയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
രണ്ട് വാനുകളിലാണ് സംഘം സന്ദര്‍ശിച്ചിരുന്നത്. നാട്രംപള്ളിക്ക് സമീപമെത്തിയപ്പോള്‍ വാനുകളിൽ ഒന്ന് തകരാറിലായി. ഇതോടെ യാത്രക്കാര്‍ വാനില്‍ നിന്നിറങ്ങി റോഡരികില്‍ ഇരുക്കുകയായിരുന്നു. ആ സമയത്ത് കൃഷ്ണഗിരിയിൽ നിന്ന് വന്ന മിനിലോറി അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന വാനുമായി കൂട്ടിയിടിച്ചു. തുടർന്ന് റോഡരികില്‍ ഇരുന്നവരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു.
അപകട സാധ്യതയുള്ള വളവിലാണ് ഇന്ന് പുലര്‍ച്ചെ അപകടമുണ്ടായതെന്ന് തിരുപ്പത്തൂര്‍ പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.