ഭൂചലനത്തില്‍ നടുങ്ങിയ തുര്‍ക്കിയിലും സിറിയയിലും കഠിനമായ തണുപ്പ് രക്ഷാ പ്രവര്‍ത്തനത്തിന് തടസമാകുന്നു

single-img
8 February 2023

ഇസ്താംബൂള്‍: ഭൂചലനത്തില്‍ നടുങ്ങിയ തുര്‍ക്കിയിലും സിറിയയിലും കഠിനമായ തണുപ്പ് രക്ഷാ പ്രവര്‍ത്തനത്തിന് തടസമാകുന്നു.

ഇതുവരെ 7800ലധികം ആളുകള്‍ ഭൂചലനത്തില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.

തുര്‍ക്കിയില്‍ 5,434 പേരും സിറിയയില്‍ 1,872 പേരും ഉള്‍പ്പടെ ആകെ 7,306 പേര്‍ മരിച്ചെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത്. 20,000 പേര്‍ മരിച്ചിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍. ഭൂചലനം 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ട ലോകാരോഗ്യ സംഘടന, ദുരന്തമേഖലയിലേക്ക് സഹായം എത്തിക്കാന്‍ രാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സിറിയയിലെ ബാഷര്‍ അല്‍ അസദിന്റെ സര്‍ക്കാരിന് പാശ്ചാത്യ രാജ്യങ്ങള്‍ ഏറ്‍പ്പെടു്തതിയിരിക്കുന്ന ഉപരോധം നീക്കാനും സഹായം നല്‍കാനും സിറിയന്‍ റെഡ് ക്രസന്റ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അതേ സമയം, തുടര്‍ ഭൂചലനങ്ങളില്‍ വന്‍ തിരിച്ചടി നേരിട്ട തുര്‍ക്കിയിലേക്ക് ലോക രാജ്യങ്ങളുടെ സഹായ പ്രവാഹമാണ്. അമേരിക്കയും ഇന്ത്യയും അടക്കം 45 രാജ്യങ്ങള്‍ തിരച്ചിലിനും രക്ഷാ പ്രവര്‍ത്തനത്തിനും സഹായം വാഗ്ദാനം ചെയ്തതായി തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകളെ തുര്‍ക്കിയിലേക്ക് അയക്കാന്‍ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചു. നാറ്റോ അംഗരാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും തുര്‍ക്കിക്ക് സഹായം വാഗ്ദാനം ചെയ്തു. റഷ്യയും നെതര്‍ലന്‍ഡസും തുര്‍ക്കിക്കൊപ്പം സിറിയയ്ക്കും സഹായം നല്‍കാമെന്ന് അറിയിച്ചു. തുര്‍ക്കി-സിറിയന്‍ അതിര്‍ത്തി മേഖലയിലുണ്ടായ തുടര്‍ച്ചയായ മൂന്ന് ഭൂചലനങ്ങളാണ് കനത്ത നാശം വിതച്ചത്.

രാജ്യം കണ്ടതില്‍വച്ച്‌ എറ്റവും വലിയ ഭൂകമ്ബം തകര്‍ത്ത തുര്‍ക്കിയിലെങ്ങും നെഞ്ച് പൊള്ളുന്ന കാഴ്ചയാണ്. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നുയരുന്ന സഹായം തേടിയുള്ള നിലവിളികള്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ തേങ്ങലുകളും ഏറെ വേദനിപ്പിക്കും. ഭൂചലനം നടന്ന് ഒരു ദിവസം പിന്നിടുമ്ബോള്‍ ആദ്യ ദിവസമുണ്ടായ തുടര്‍ ചലനങ്ങള്‍ നിലച്ചതാണ് പ്രധാന ആശ്വാസം. കെട്ടിടങ്ങള്‍ക്ക് അകത്ത് കുടുങ്ങിയവരുടെ നിലവിളിയും ശബ്ദ സന്ദേശങ്ങളും എത്തുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടേയും സാഹായം അഭ്യാര്‍ത്ഥിക്കുന്നു. പക്ഷേ രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും പല ഇടങ്ങളിലും എത്താനായിട്ടില്ല. കനത്ത മഴയും മഞ്ഞും, റോഡും വൈദ്യുതി ബന്ധങ്ങളും തകര്‍ന്നതുമാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രധാന തടസം.