ഹരിദ്വാറില്‍ മിന്നല്‍പ്രളയത്തില്‍ രൂക്ഷമായ വെള്ളക്കെട്ട്; നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി
ഉത്തരാഖണ്ഡിലെ കനത്ത മഴയെ തുടർന്ന് ഹരിദ്വാറില്‍ മിന്നല്‍പ്രളയത്തില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിലാകുകയും ഗംഗാനദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്തു.
നദിയുടെ കരകളില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. ഇതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പ്രദേശവാസികളും തീര്‍ത്ഥാടകരും നദിയിലിറങ്ങരുതെന്നും പ്രദേശത്ത് നിന്ന് അകലം പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ പെയ്തതിന് പിന്നാലെ നദിയിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇതോടൊപ്പം ഹരിദ്വാറില്‍ നിരവധി വീടുകളിലും വെള്ളം കയറി. റോഡുകള്‍ പലതിലും വെള്ളം നിറഞ്ഞിരിക്കുകയാണ്. പുഴയില്‍ വെള്ളം കുറവയിരുന്നതിനാല്‍ പലരും ഇതിനടുത്താണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഇവയാണ് ജലനിരപ്പ് ഉയര്‍ന്നതോടെ ഒഴുകിപ്പോയത്. ഉത്തരാഖണ്ഡില്‍ ജൂലൈ 3 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.