ലൈംഗികാതിക്രമം; ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരനെന്ന് വിധിച്ച് കോടതി

single-img
30 January 2023

ലൈംഗികാതിക്രമക്കേസിൽ ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരനാണെന്ന് ഗുജറാത്തിലെ ഗാന്ധിനഗർ കോടതി വിധിച്ചു. 10 വർഷം മുമ്പ് അഹമ്മദാബാദിലെ മൊട്ടേരയിലുള്ള ആശ്രമത്തിൽ വച്ച് തന്നെ ആശാറാം ബാപ്പു പലതവണ ബലാത്സംഗം ചെയ്‌തതായി സൂറത്ത് സ്വദേശിയായ ഒരു സ്ത്രീ ആരോപിച്ചിരുന്നു.

ഗാന്ധിനഗർ സെഷൻസ് കോടതി കേസിൽ ചൊവ്വാഴ്‌ച ശിക്ഷ പ്രഖ്യാപിക്കും. ഐ പി സി 342, 354 എ (ലൈംഗിക പീഡനം), 370 (4) (കടത്ത്), 376 (ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 120 (ബി) (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരമാണ് ആശാറാം ബാപ്പുവിനെതിരെ കേസെടുത്തിരിക്കുന്നത്.

ആശാറാമിന്റെ മകൻ നാരായൺ സായിയും ഇതേ കേസിൽ പ്രതിയായിരുന്നു. ആശാറാമിന്റെ ഭാര്യ ലക്ഷ്‌മി, മകൾ ഭാരതി, നാല് അനുയായികളായ ധ്രുവ്ബെൻ, നിർമല, ജാസി, മീര എന്നിവരും കേസിൽ പ്രതികളായിരുന്നു. എന്നാൽ ഇവരെയെല്ലാം വിചാരണയ്ക്ക് ശേഷം ഗാന്ധിനഗർ കോടതി വെറുതെവിട്ടു.

നിലവിൽ ജോധ്പൂരിലെ ജയിലിലാണ് ആശാറാം ബാപ്പു കഴിയുന്നത്. 2018ൽ ജോധ്പൂരിലെ ഒരു വിചാരണ കോടതി 2013ൽ ജോധ്പൂർ ആശ്രമത്തിൽ വച്ച് 16കാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജയിൽ ശിക്ഷ വിധിക്കുകയായിരുന്നു.