എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസ്: രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്


പെരുമ്പാവൂർ എം എൽ എയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരായ ബലാത്സംഗ കേസിന്റെ കേസ് ഡയറി, പരാതിക്കാരിയുടെ മൊഴി, വാട്ട്സ്ആപ് സന്ദേശങ്ങൾ തുടങ്ങി എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സെഷൻസ് കോടതിക്കാണ് നിർദേശം നൽകിയത്. കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരും പീഡനത്തിനിരയായ യുവതിയും നൽകിയ ഹർജികൾ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
എൽദോസ് കുന്നപ്പിള്ളിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യാൻ വന്ന വ്യക്തിയാണ് പരാതിക്കാരിയെന്നും ഇവർ എൽദോസിന്റെ ഫോണും പാസ് വേഡും കൈവശപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്യുകയാണുണ്ടായതെന്നും എൽദോസിന്റെ അഭിഭാഷകൻ വിശദീകരിച്ചു. ഒരു കോടി രൂപ ആവശ്യപ്പെട്ട് പരാതിക്കാരി ഭീഷണിപ്പെടുത്തിയതിനെതിരെ എൽദോസിന്റെ ഭാര്യ കുറുപ്പുംപടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും വിശദീകരിച്ചു. കൂടാതെ പരാതിക്കാരിക്കെതിരെ 48 കേസുകൾ നിനിലവിലുണ്ട് എന്നും എൽദോസിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
പരാതിക്കാരിയുടെ ആദ്യ പരാതിയിൽ ലൈംഗികമായി പീഡിപ്പിച്ചു എന്നു പറഞ്ഞിട്ടില്ലെന്നും 14 ദിവസത്തിനുശേഷമാണ് ലൈംഗിക പരാതി ഉന്നയിക്കുന്നതെന്നും എൽദോസിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ പരാതിക്കാരിയുടെ രഹസ്യമൊഴി പരിഗണിക്കാതെയാണ് തിരുവനന്തപുരം അഡി. സെഷൻസ് കോടതി എൽദോസ് കുന്നപ്പിള്ളിക്ക് മുൻകൂർ ജാമ്യം അനുവദിച്ചതെന്നും സർക്കാർ വാദിച്ചു. ഹർജികൾ നവംബർ 17 നു വീണ്ടും പരിഗണിക്കും