ഗവർണർ അഴിപ്പിച്ച ബാനർ വീണ്ടും കെട്ടി എസ്എഫ്ഐ

single-img
17 December 2023

കാലിക്കറ്റ് സർവകലാശാലയിൽ എത്തിയ സംസ്ഥാന ​ഗവർണർ ആരിഫ് മു​ഹമ്മദ് ഖാൻ ജില്ലാ പൊലീസ് മേധാവിയെക്കൊണ്ട് അഴിപ്പിച്ച ബാനർ വീണ്ടും ഉയർത്തി എസ്എഫ്ഐയുടെ പ്രതിഷേധം. ​ഗവർണർക്കെതിരെ മുദ്രാവാക്യം വിളികളുമായി എസ്എഫ്ഐ പ്രവർത്തകർ ബാനർ വീണ്ടും കെട്ടുകയായിരുന്നു . എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ നേതൃത്വത്തിലാണ് ബാനർ ഉയർത്തി പ്രതിഷേധിക്കുന്നത്.

നിലവിൽ സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. കേരളത്തിലെ ക്രമസമാധാനം താറുമാറായെന്നും തനിക്കെതിരെ പൊലീസ് പോസ്റ്ററുകൾ പതിപ്പിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്നും ആരോപിച്ച് രാജ്ഭവൻ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു . അതേസമയം ഇന്ന് കാലിക്കറ്റ് സർവകലാശാലയിലെത്തിയ ​ഗവർണർ ആരിഫ് മു​ഹമ്മദ് ഖാൻ ജില്ലാ പൊലീസ് മേധാവിയെക്കൊണ്ട് എസ്എഫ്ഐ സ്ഥാപിച്ച ബാനർ അഴിപ്പിച്ചിരുന്നു. അതാണ് പ്രവർത്തകർ വീണ്ടും ഉയർത്തിയത്. മുഖ്യമന്ത്രിക്കെതിരെയാണ് ബാനറെങ്കിൽ നിങ്ങളിങ്ങനെയാണോ എന്നാണ് ​ഗവർണർ പൊലീസിനോട് ചോദിച്ചത്.