എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം; കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജിയുമായി എക്സാലോജിക്
എസ്എഫ്ഐഒ നടത്തുന്ന അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്. കമ്പനിക്കെതിരെ എസ്എഫ്ഐഒ നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
കേന്ദ്ര സര്‍ക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. മനു പ്രഭാകര്‍ കുല്‍ക്കര്‍ണിയെന്ന അഭിഭാഷകൻ മുഖേനയാണ് ഹര്‍ജി നല്‍കിയത്. അന്വേഷണത്തിന്‍റെ ഭാഗമായി വിവിധയിടങ്ങളില്‍ പരിശോധന നടത്തി വിവരങ്ങള്‍ തേടുകയാണ് എസ്എഫ്ഐഒ സംഘം. അന്വേഷണത്തില്‍ എക്സാലോജിക്കില്‍നിന്ന് വിവരങ്ങള്‍ തേടുന്നതിനായി വീണ വിജയന് നോട്ടീസ് നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സ്റ്റേ ആവശ്യപ്പെട്ടുള്ള എക്സാലോജിക്കിന്‍റെ ഹര്‍ജി. ഹര്‍ജി കര്‍ണാടക ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.
കേസിൽ, സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും ശേഖരിച്ച വിവരങ്ങളിൽ എസ്എഫ്ഐഒ സംഘം പരിശോധന തുടരുകയാണ്. ഇതിനിടെയാണിപ്പോള്‍ അന്വേഷണത്തിനെതിരെ എക്സാലോജിക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.