കിച്ചണ്‍ ക്യാബിനറ്റിന്റെ ആനുകൂല്യത്തില്‍ പദവിയില്‍ എത്തിയ ആളല്ല സതീശൻ; മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഷാഫി പറമ്പില്‍
സംസ്ഥാന പൊതുമരാമത്തുവകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. സ്വന്തം നട്ടെല്ലും സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ നട്ടെല്ലും സ്വപ്നയ്ക്കും മോദിക്കും പണയം വെച്ചവര്‍ പ്രതിപക്ഷ നേതാവിന്റെ നട്ടെല്ലിനെ പറ്റി പറയേണ്ടെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
ആര്‍എസ്എസ് നല്‍കിയ കേസിനെ നേരിടുന്ന ആളാണ് വി ഡി സതീശന്‍. അല്ലാതെ കിച്ചണ്‍ ക്യാബിനറ്റിന്റെ ആനുകൂല്യത്തില്‍ പദവിയില്‍ എത്തിയ ആളല്ല സതീശനെന്നും ഷാഫി പ്രതികരിച്ചു. ആര്‍എസ്എസ്, ബിജെപി എന്നീ സംഘടനകള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം നടത്തുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.
സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ് ആരാകണമെന്ന് തീരുമാനിച്ചത് കോൺഗ്രസ് ഹൈക്കമാന്റാണ്. സ്പീക്കറുടെ ചേമ്പറില്‍ പോയി മുഖ്യമന്ത്രി സ്പീക്കറെ ഭീഷണിപ്പെടുത്തി. സ്പീക്കറെ ഓഫീസ് സെക്രട്ടറിയെ പോലെ ആക്കിയെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. ബ്രഹ്മപുരം തീപിടുത്തം വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചിട്ടില്ല. മന്ത്രി എം ബി രാജേഷ് കമ്പനിയെ ന്യായീകരിച്ച് സംസാരിച്ചു.
നിയമസഭയുടെ സഭാ ടിവി പാര്‍ട്ടി ടിവിയാണ്. തിരക്കഥയും സംഭാഷണവും എകെജി സെന്ററില്‍ നിന്നാണ്. സഭാ ടിവിയുമായി സഹകരിക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞ ഷാഫി പറമ്പില്‍, പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കുന്നതില്‍ മുഖ്യപ്രതി മുഖ്യമന്ത്രിയാണെന്നും കുറ്റപ്പെടുത്തി.