ഷഹറൂഖ് കുറ്റം സമ്മതിച്ചു; കൂടുതൽ പേരിലേക്ക് കേസന്വഷണം നീളുന്നു; പ്രതിയെ കേരള പൊലീസിന് കൈമാറി
എലത്തൂർ ട്രെയിൻ കത്തിക്കൽ കേസിൽ പിടിയിലായ പ്രതി ഷാറുഖ് സെയ്ഫി കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര എ ടി എസാണ് ഈ വിവരം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. പ്രതിയെ പിടികൂടിയത് രത്നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നാണെന്നും രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ പ്രതി വലയിലായതെന്നും മഹാരാഷ്ട്ര എ ടി എസ് വ്യക്തമാക്കി.
സമീപത്തുള്ള ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് പ്രതി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്. പിടിയിലാവുമ്പോൾ മോട്ടോറോളാ കമ്പനിയുടെ ഫോൺ , ആധാർ കാർഡ് , പാൻകാർഡ് , കൊടാക് ബാങ്ക് എ ടി എം എന്നിവ കയ്യിലുണ്ടായിരുന്നുവെന്നും ഏജൻസി വിശദീകരിച്ചു.
നിലവിൽ പ്രതിയെ കേരള പൊലീസിന് കൈമാറിയിട്ടുണ്ട്. എത്രയും വേഗം ഇയാളെ കേരളത്തിലെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് കേസന്വഷണം നീളുമെന്നാണ് വിവരം. ചിലരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായും വിവരമുണ്ട്.