സഹതാപത്തിലൂടെ വിജയം നേടിയെടുക്കാനാണ് ഷാരൂഖിന്റെ ‘ ജവാൻ’ സിനിമ ശ്രമിച്ചത്: വിവേക് അ​​ഗ്നിഹോത്രി

single-img
1 October 2023

ഷാരൂഖ് ഖാൻ നായകനായ ഏറ്റവും പുതിയ സൂപ്പർ ഹിറ്റ് സിനിമ ജവാനെ വിമർശിച്ച് സംവിധായകൻ വിവേക് അ​ഗ്നി​​ഹോത്രി. ഷാരൂഖിന്റെ സമീപകാലത്തെ ചിത്രങ്ങൾ അതിഭാവുകത്വം നിറഞ്ഞതാണെന്നും ഇതിനേക്കാൾ മെച്ചമായി അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയുമെന്നും വിവേക് അ​ഗ്നിഹോത്രി പറയുന്നു.

‘ഒരു ആക്ഷൻ സിനിമ എന്നരീതിയിൽ നോക്കുമ്പോൾ പ്രശ്നമില്ല, എന്നാൽ അവയെ ഒരു മികച്ച സിനിമ എന്ന നിലവാരത്തിൽ അവതരിപ്പിക്കുന്നതിനോടും ബോളിവുഡ് സിനിമകളിലെ ഏറ്റവും മികച്ചത് എന്നു പറയുന്നതിനോടും എനിക്ക് യോജിക്കാനാകില്ല. സഹതാപത്തിലൂടെ വിജയം നേടിയെടുക്കാനാണ് സിനിമ ശ്രമിച്ചതെന്നാണ് തനിക്ക് തോന്നുന്നതെ’ന്നും വിവേക് ഒരഭിമുഖത്തിൽ പറഞ്ഞു.

ഇതോടൊപ്പം, ഷാരൂഖിന്റെ ഫാൻസ് തന്നെ സോഷ്യൽ മീഡിയയിലൂടെ ആക്രമിച്ചിട്ടുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. തന്റെ സിനിമ വാക്സിൻ വാർ ഒരിക്കലും ജവാനു മുകളിൽ പോകില്ലെന്നും ഒരു മത്സരത്തിന് പോലും താനില്ലെന്നും മുൻപ് വിവേക് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. നിലവിൽ വിവേകിന്റെ വാക്സിൻ വാർ ബോക്സ് ഓഫീസ് കളക്ഷൻ നേടാനാകാതെ കൂപ്പുകുത്തുകയാണ്.