ലാല്‍കൃഷ്ണ വിരാടിയാര്‍ വീണ്ടുമെത്തുന്നു; ചിന്താമണി കൊലക്കേസിന് രണ്ടാംഭാഗവുമായി ഷാജി കൈലാസും സുരേഷ് ഗോപിയും


സുരേഷ്‌ഗോപിയുടെ കരിയറിലെ മികച്ച സിനിമകളിൽഒന്നായിരുന്നു ചിന്താമണി കൊലക്കേസ്. ഈ സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ ആലോചന അണിയറയില്‍ നടക്കുന്നതായി ഏറെക്കാലമായി സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്. രണ്ടാം ഭാഗത്തിൽ ഇടവേള വരെയുള്ള ഭാഗത്തിന്‍റെ എഴുത്ത് തിരക്കഥാകൃത്ത് എ കെ സാജന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു.
ഈ പ്രോജക്റ്റ് ഇപ്പോൾ ഉറപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. ഇന്ന് സോഷ്യല്‍ മീഡിയയിലൂടെയാണ് ഷാജി കൈലാസ് ഈ വിവരം സിനിമാപ്രേമികളുമായി പങ്കുവച്ചിരിക്കുന്നത്. ഞങ്ങള്‍ മുന്നോട്ടാണ് എന്ന കുറിപ്പിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിന്‍റെ ഒരു ആദ്യ പോസ്റ്ററും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ഇതിൽ അഡ്വ. ലാല്‍കൃഷ്ണ വിരാടിയാര്‍ എന്ന കഥാപാത്രത്തെ സൂചിപ്പിച്ച് എല്‍കെ എന്ന് മാത്രമാണ് ചിത്രത്തിന്‍റെ ടൈറ്റിലായി പോസ്റ്ററില്‍ ഉള്ളത്. ഒരു ലൈബ്രറിയില്‍ അടുത്തിവച്ചിരിക്കുന്ന പുസ്തകങ്ങളില്‍ നിന്ന് സുരേഷ് ഗോപി കഥാപാത്രത്തിന്‍റെ മുഖം തെളിയുന്ന രീതിയിലാണ് പോസ്റ്റര്‍ ഡിസൈന്‍.