ഒരൊറ്റപ്പെട്ട സംഭവമായി വിദ്യാഭ്യാസ വകുപ്പിലെയും മറ്റ് അധികാരികളും കാണരുത്; ശ്രദ്ധയുടെ മരണത്തില്‍ പ്രതികരണവുമായി ഷെയ്ന്‍ നിഗം
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളെജിലെ രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനി ശ്രദ്ധയുടെ മരണത്തില്‍ പ്രതികരണവുമായി നടന്‍ ഷെയ്ന്‍ നിഗം. ഇതിനെ ഒരു ഒറ്റപ്പെട്ട സംഭവമായി അധികാരികള്‍ കാണരുതെന്നും തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്ന വിദ്യാര്‍ഥികളെ കേരളം കേള്‍ക്കണമെന്നും ഷെയ്ന്‍സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതേസമയം, അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങിമരിക്കാൻ കാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ കോളേജ് അധികൃതര്‍ മനപൂര്‍വമായ വീഴ്ച്ച വരുത്തിയെന്നും കുടുംബം കുറ്റപ്പെടുത്തിയിട്ടുണ്ട്.
ഷെയ്ന്‍ നിഗത്തിന്‍റെ കുറിപ്പ് പൂർണ്ണരൂപം:
“അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ സംഭവം ഒരൊറ്റപ്പെട്ട സംഭവമായി കേരളത്തിലെ വേണ്ടപ്പെട്ട വിദ്യാഭ്യാസ വകുപ്പിലെയും മറ്റു ഗവൺമെൻ്റ്തല അധികാരികളും കാണരുത്. തങ്ങളുടെ കുട്ടികളെ നല്ലൊരു ഭാവി മുൻകൂട്ടി കണ്ട് കോളേജ് അധികാരികളെ തൻ്റെ മക്കളെ ഏൽപ്പിക്കുമ്പോൾ അവരുടെ ഓരോരുത്തരുടെയും സുരക്ഷക്കൊപ്പം അവരുടെ മാനസിക ആരോഗ്യത്തിനും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തി രംഗത്ത് വന്ന ആ ചുണക്കുട്ടികളെ കേരളം കേൾക്കണം, വേണ്ടപ്പെട്ട അധികാരികൾ കാണണം…. ഐക്യദാര്‍ഢ്യം നൽകണം…”