വിവാദമായതോടെ അദാനി വിഷയത്തിൽ പുതിയ പ്രസ്താവനയുമായി ശരദ് പവാർ
അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് ഗവേഷണ റിപ്പോർട്ടിനെക്കുറിച്ച് സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണത്തിന്റെ ആവശ്യമില്ല എന്ന പ്രസ്താവന വിവാദമായതിനെ തുടർന്ന് പുതിയ ആവശ്യവുമായി ശരദ് പവാർ രംഗത്ത്. അദാനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള സമതി അന്വേഷിക്കണം എന്നതാണ് ശരദ് പവാറിന്റെ പുതിയ ആവശ്യം.
ജെപിസി അന്വേഷണത്തോട് തനിക്ക് എതിർപ്പില്ലെന്നും എന്നാൽ സമിതിയിൽ 21 അംഗങ്ങളുണ്ടെങ്കിൽ 15 പേർ ഭരണപക്ഷത്തുനിന്നും ബാക്കി ആറ് പേർ പ്രതിപക്ഷത്തുനിന്നും ആകുകയാൽ അന്വേഷണം നീതിപൂർവം ആകില്ല എന്നാണ് ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ ശരദ് പവാർ പറഞ്ഞത്. പാർലമെന്റിന്റെ ഇരുസഭകളിലും സർക്കാരിന്റെ ഭൂരിപക്ഷമുള്ളതിനാൽ, ജെപിസി റിപ്പോർട്ട് “അദാനി വിഷയത്തിൽ സർക്കാരിന്റെ നിലപാടിനെ അംഗീകരിക്കുക” മാത്രമേ ചെയ്യൂവെന്ന് എൻസിപി മേധാവി അഭിപ്രായപ്പെട്ടു.
ജെപിസിക്ക് പകരം, സുപ്രീം കോടതി നിയോഗിച്ച കമ്മീഷൻ കൂടുതൽ വിശ്വസനീയവും സ്വതന്ത്രവുമാണെന്ന് എനിക്ക് തോന്നുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച 20,000 കോടി രൂപയെക്കുറിച്ച് തനിക്ക് അറിവില്ലെന്നും പവാർ പറഞ്ഞു.
ജെപിസി ആവശ്യവും പ്രതിപക്ഷ ഐക്യവുമായി ബന്ധമില്ല എന്നും പവാർ പറഞ്ഞു. ജെപിസിയുടെ ആവശ്യത്തിന് പ്രതിപക്ഷ ഐക്യവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഞങ്ങളും ഇതേ അഭ്യർത്ഥന നടത്തിയിട്ടുണ്ട് പവാർ കൂട്ടിച്ചേർത്തു.