സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചേക്കും; സൂചന നൽകി ശരദ് പവാർ
സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചേക്കുമെന്ന സൂചന നൽകി എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ. രാജ്യസഭയിലെ കാലാവധി തീരുന്നതോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് അദ്ദേഹം വിട്ടുനിൽക്കുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. 2014 മുതൽ രാജ്യസഭാംഗമായ പവാറിന്റെ കാലാവധി 2026 ഏപ്രിലിൽ അവസാനിക്കും. അംഗത്വ കാലാവധി 18 മാസം കൂടി ബാക്കിനിൽക്കെയാണ് വിരമിക്കൽ സൂചന നൽകിയത്.
“ഞാൻ അധികാരത്തിലില്ല. രാജ്യസഭയില്‍ എനിക്ക് ഒന്നര വർഷം മാത്രമാണ് കാലാവധി ബാക്കിയുള്ളത്. അതിനുശേഷം ഞാൻ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല. എനിക്ക് എവിടെയെങ്കിലും വച്ച് ഇത് നിർത്തേണ്ടി വരും.’’– ശരദ് പവാർ പറഞ്ഞു. 14 തവണ എംപിയും എംഎൽഎയും ആക്കിയതിന് ബാരാമതിയിലെ വോട്ടർമാർക്ക് അദ്ദേഹം നന്ദി പറഞ്ഞു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പവാറിന്റെ വിരമിക്കലിനെ പറ്റി കുറച്ചുകാലമായി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. 1999ൽ എൻസിപി സ്ഥാപിച്ച ശരദ് പവാറിന് മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. അനന്തരവൻ അജിത് പവാറുമായി നേരിട്ട് ഏറ്റുമുട്ടുമ്പോൾ ഏത് എൻസിപിയെ ആയിരിക്കും ജനം പിന്തുണയ്ക്കുക എന്നതാണ് ഉയരുന്ന ചോദ്യം.
പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ബാരാമതിക്ക് വേണ്ടിയുള്ള പോരാട്ടം വോട്ടർമാർക്കിടയിൽ യഥാർഥ എൻസിപിക്ക് വേണ്ടിയുള്ള ജനഹിത പരിശോധനയായി കണക്കാക്കപ്പെടുമെന്ന് ഉറപ്പാണ്.