ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍

single-img
4 November 2022

ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മയെ കോടതി ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. നെയ്യാറ്റിന്‍കര കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. ഏഴുദിവസത്തേക്കാണ് ക്രൈംബ്രാഞ്ച് കസ്റ്റഡി. തെളിവെടുപ്പ് വീഡിയോയില്‍ ചിത്രീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അമ്മയും അമ്മാവനും ഇപ്പോള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്. അഞ്ചുദിവസത്തേക്കാണ് ഇവരുടെ കസ്റ്റഡി. ഇത് ചൂണ്ടിക്കാട്ടി ഗ്രീഷ്മയേയും അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വിട്ടാല്‍ പോരേ എന്ന് കോടതി ചോദിച്ചു. വിശദമായ തെളിവെടുപ്പും മൊഴിയെടുക്കലും ആവശ്യമായതിനാലാണ് ഏഴു ദിവസത്തെ കസ്റ്റഡിയെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

തെളിവില്ലാത്ത കെട്ടിച്ചമച്ച കേസാണിതെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ആദ്യ എഫ്.ഐ.ആറില്‍ ഷാരോണിന്റെ ഉള്ളില്‍ വിഷം ചെന്നതായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. ഇല്ലാത്ത തെളിവുകള്‍ കെട്ടിച്ചമയ്ക്കാനാണ് ഏഴ് ദിവസത്തെ കസ്റ്റഡിയെന്നും ഗ്രീഷ്മയുടെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. ഈ വാദങ്ങള്‍ തള്ളിയാണ് കോടതി കസ്റ്റഡി അനുവദിച്ചത്.

ശനിയാഴ്ച ഗ്രീഷ്മയെ പാറശ്ശാലയിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും. രാവിലെ പത്തുമണിക്കാണ് തെളിവെടുപ്പ്. വിഷം സൂക്ഷിച്ചിരുന്ന ഷെഡ്ഡിലും വിഷക്കുപ്പി ഉപേക്ഷിച്ച വീട്ടിനുപുറകിലെ റബ്ബര്‍ തോട്ടത്തിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും. നിലവിലെ സാഹചര്യത്തില്‍ ഗ്രീഷ്മയെ ഷാരോണിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.