കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു ശശി തരൂരോ,ഗെഹ്‌ലോട്ടോ

single-img
20 September 2022

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു ശശി തരൂരൂം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ​ഗെഹ്‌ലോട്ടും മത്സരിച്ചേക്കും.

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് ഗെഹ്‌ലോട്ടിനോട് സോണിയ ആവശ്യപ്പെട്ടിരുന്നു. മത്സരിക്കാന്‍ ശശി തരൂരിനും സോണിയ ഗാന്ധി അനുമതി നല്‍കിയിട്ടുണ്ട്. ഗെഹ്‌ലോട്ട് 26ന് പത്രിക സമര്‍പ്പിച്ചേക്കും.

അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു ശശി തരൂര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം, രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ മത്സര രംഗത്തു നിന്നു പിന്‍മാറുമെന്നും തരൂര്‍ അറിയിച്ചിരുന്നു.

ഈ മാസം 22നാണ് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുന്നത്. 24 മുതല്‍ 30 വരെയാണു നാമനിര്‍ദേശ പത്രികാ സമര്‍പ്പണം. പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ എട്ടാണ്. ഒന്നിലേറെ സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ ഒക്ടോബര്‍ 17നു തെരഞ്ഞെടുപ്പു നടക്കും.

മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. സോണിയയും തരൂരും ഇന്നു കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് പാര്‍ട്ടിയോടടുത്ത വൃത്തങ്ങള്‍ അദ്ദേഹം മത്സരിക്കുന്ന കാര്യം പുറത്തുവിട്ടത്. ജി 23 സംഘത്തിന്റെ സ്ഥാനാര്‍ഥിയായി ഒതുങ്ങാതെ ഗ്രൂപ്പിനതീതമായ പൊതു സ്വീകാര്യതയ്ക്കുള്ള സാധ്യത തരൂര്‍ തേടിയിരുന്നു. ഇതിന്റെ ഭാഗമായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ അദ്ദേഹം സന്ദര്‍ശിച്ചു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നതിനോടാണു ഗാന്ധി കുടുംബത്തിനു താത്പര്യമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഗെഹ്‌ലോട്ട് നിര്‍ദേശിക്കുന്ന ആളെ രാജസ്ഥാന്‍ മുഖ്യമന്ത്രി ആക്കണമെന്നുള്ള നിബന്ധനയോട് ഗാന്ധി കുടുംബം യോജിക്കുന്നില്ല.