യൂത്ത് കോൺഗ്രസ് പരിപാടിയിലും ശശി തരൂരിന് വിലക്ക്; എതിർപ്പുമായി കെഎസ് ശബരീനാഥൻ
ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ശശി തരൂരിന് കോൺഗ്രസിൽ അപ്രഖ്യാപിത വിലക്കെന്ന വാർത്തകൾക്കിടെ പ്രതികരണവുമായി കെ എസ് ശബരീനാഥൻ. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നാളെ നടത്താൻ ഉദ്ദേശിച്ചിരുന്ന പ്രോഗ്രാം കോൺഗ്രസ് പാർട്ടിയുടെ നിലപാട് തന്നെയാണ് . മലബാറിന്റെ മണ്ണിൽ കോൺഗ്രസിന്റെ മതേതര സ്വഭാവം ഉയർത്തികാട്ടുവാൻ ഈ പ്രോഗ്രാമിലൂടെ ശശി തരൂരിന് കഴിയുമായിരുന്നു എന്ന് ശബരീനാഥൻ പറയുന്നു.
ഈ പ്രോഗ്രാം മാറ്റുവാൻ ചില കേന്ദ്രങ്ങളിൽ നിന്ന് നിർദേശം വന്നു എന്ന് മാധ്യമങ്ങൾ മുഖാന്തരം അറിഞ്ഞു. ഭാരത് ജോടോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയുടെ മണ്ണിൽ സവർക്കർക്കെതിരെ ഇന്നലെ രാഹുൽ ഗാന്ധി മുഖം നോക്കാതെ നടത്തിയ പ്രസ്താവനകൾ പാർട്ടിക്ക് ആവേശം നൽകുമ്പോൾ ഇവിടെ എന്തിനാണ് ഈ നടപടിയെന്നും ശബരീനാഥൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:
“സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നാളെ നടത്താൻ ഉദ്ദേശിച്ചിരുന്ന പ്രോഗ്രാം കോൺഗ്രസ് പാർട്ടിയുടെ നിലപാട് തന്നെയാണ് . മലബാറിന്റെ മണ്ണിൽ കോൺഗ്രസിന്റെ മതേതര സ്വഭാവം ഉയർത്തികാട്ടുവാൻ ഈ പ്രോഗ്രാമിലൂടെ ഡോ: ശശി തരൂരിന് കഴിയുമായിരുന്നു. എന്നാൽ ഈ പ്രോഗ്രാം മാറ്റുവാൻ ചില കേന്ദ്രങ്ങളിൽ നിന്ന് നിർദേശം വന്നു എന്ന് മാധ്യമങ്ങൾ മുഖാന്തരം അറിഞ്ഞു.
ഭാരത് ജോടോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയുടെ മണ്ണിൽ സവർക്കർക്കെതിരെ ഇന്നലെ രാഹുൽ ഗാന്ധി മുഖം നോക്കാതെ നടത്തിയ പ്രസ്താവനകൾ പാർട്ടിക്ക് ആവേശം നൽകുമ്പോൾ ഇവിടെ എന്തിനാണ് ഈ നടപടി ? സമാനമായ ആശയമല്ലേ ഈ വേദിയിൽ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് MPയായി മൂന്ന് വട്ടം വിജയിച്ച ശ്രീ ശശി തരൂരും പങ്കിടുമായിരുന്നത്…അത് കോൺഗ്രസിന് നൽകുന്ന രാഷ്ട്രീയ പ്രാധാന്യം എന്ത് മികവുറ്റതാകുമായിരുന്നു.
പിന്നെ ഒരു കാര്യം കൂടി , അദ്ദേഹത്തിനാണോ ഈ ലോകത്തിൽ വേദികൾക്ക് ദൗർലഭ്യം? ഈ വിവാദം ഒഴിവാക്കാമായിരുന്നു.