തരൂർ കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കോ?
തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പ്രചാരണത്തിലൂടെ ജനങ്ങളുടെ മനം കവർന്ന ശശി തരൂരിനെ പിണക്കില്ലെന്ന സൂചനയാണ് ഡൽഹിയിൽ നിന്നും പുറത്തു വരുന്നത്. ശശി തരൂരിനെ കോൺഗ്രസിന്റെ പരമോന്നത സമിതിയായ കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിൽ ഉൾപ്പെടുത്തുമെന്നാണ് പുതിയ വിവരം.
പ്രചാരണത്തിലുട നീളം ചെറുപ്പക്കാരുടെ ഇടയിൽ വലിയ പ്രാധാന്യം ശശി തരൂരിന് ലഭിച്ചിരുന്നു. ഇത് ഭാവിയിൽ കോൺഗ്രസിന്റെ വളർച്ചക്ക് വഴിവെക്കും എന്ന കണക്കുകൂട്ടലിൽ ആണ് സോണിയ ഗാന്ധി ഉൾപ്പടെയുള്ളവരുടെ അഭിപ്രായം എന്നാണ് മാധ്യമ നിരീക്ഷകർ നൽകുന്ന സൂചന. തെരഞ്ഞെടുപ്പ് ചൂടിനിടെ കോൺഗ്രസിന് അനുവദിച്ച, പാർലമെന്റിന്റെ രാസവളം സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തരൂരിനെ സോണിയാ ഗാന്ധി പരിഗണിച്ചത് ഇതിന്റെ തെളിവാണ് എന്നാണു ഇവർ പറയുന്നത്.
തോറ്റാൽ തരൂർ ബിജെപിയിലേക്ക് ചേക്കേറും, സിപിഎമ്മിലേക്കു പോകും, എഎപിയില്‍ ചേരും തുടങ്ങിയ അഭ്യൂഹങ്ങൾ ആദ്യ നാളുകളിൽ ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നു എങ്കിലും അതിനെയൊക്കെ കൃത്യമായി മറികടക്കാൻ ശശി തരൂരിന് കഴിഞ്ഞിരുന്നു. മാത്രമല്ല മത്സരിച്ചത് കോൺഗ്രസിലെ ജനാധിപത്യ പ്രക്രിയയാണ് എന്നും പാർട്ടിയെ ശക്തിപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും തരൂർ പറഞ്ഞത് മുതിർന്ന നേതാക്കൾക്കു പോലും ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ തരൂർ പുറത്തേക്കല്ല കൂടുതൽ ശക്തനായി അകത്തേക്ക് തന്നെയാണ് എന്നാണു രഷ്ട്രീയ നിരീക്ഷരുടെ അഭിപ്രായം.