ജി 23 നേതാക്കളാരും പ്രശ്നക്കാരല്ല; മല്ലികാർജുൻ ഖാർഗെയോട് ശത്രുതയില്ലെന്ന് ശശി തരൂർ

single-img
9 October 2022

കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് തനിക്കെതിരായി മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയോട് ശത്രുതയില്ലെന്ന് ശശി തരൂർ. ഇന്ന് മഹാരാഷ്ട്രയിൽ പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടനയിൽ വിമത ശബ്ദം ഉയർത്തിയ ജി 23 നേതാക്കളാരും പ്രശ്നക്കാരല്ല. കോൺഗ്രസിൽ മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. കോൺഗ്രസ് പാർട്ടി ശക്തിപ്പെടുകയെന്നതാണ് ലക്ഷ്യം. പാർട്ടി മുന്നോട്ട് വെക്കുന്ന പ്രത്യയശാസ്ത്രത്തോട് കൂറുപുലർത്തുന്നവരാണ് പ്രവർത്തകരെല്ലാം. അടുത്ത പൊതു തെരഞ്ഞെടുപ്പിൽ കൂടുതൽ ശക്തമായി ബിജെപിയെ നേരിടുന്നവരെയാണ് കോൺഗ്രസിന് ആവശ്യമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.

നിലവിൽ ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരം മുംബൈയിൽ തുടരുകയാണ്. ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് പിന്തുണയുമായി കോൺഗ്രസ് നേതാവും മുന്‍ എംപിയുമായ പ്രിയ ദത്തെത്തി.

ഇന്ന് ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്ര പിസിസി ഓഫീസില്‍ തരൂര്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് ആശംസകളുമായി പ്രിയയും വേദിയിൽ എത്തിയത്. മുന്‍ കേന്ദ്രമന്ത്രി സുനിൽ ദത്തിന്‍റെ മകളായ പ്രിയ, 2005ലും 2009ലും ലോക്സഭയിലേക്ക് വിജയിച്ചിരുന്നു.