ഗുസ്തിതാരങ്ങളുടെ സമരത്തിനെതിരായ പി ടി ഉഷയുടെ പരാമര്‍ശത്തിനെതിരെ ശശി തരൂര്‍ രംഗത്ത്

single-img
28 April 2023

ഗുസ്തിതാരങ്ങളുടെ സമരത്തിനെതിരായ പി ടി ഉഷയുടെ പരാമര്‍ശത്തിനെതിരെ ശശി തരൂര്‍ രംഗത്ത്. ആവര്‍ത്തിച്ചുള്ള ലൈംഗിക പീഡനത്തിനെതിരായ നിങ്ങളുടെ സഹകായികതാരങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളെ ഇകഴ്ത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം ട്വിറററില്‍ കുറിച്ചു.അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നത് “രാഷ്ട്രത്തിന്റെ പ്രതിച്ഛായയെ” കളങ്കപ്പെടുത്തുന്നില്ല.

അവരുടെ ആശങ്കകള്‍ അവഗണിക്കുന്നതും അവരെ കേള്‍ക്കുന്നതിനും അവരുമായി ചര്‍ച്ച നടത്തുന്നതിനും ന്യായമായ നടപടി സ്വീകരിക്കുന്നതിനുപകരം അവരെ അവഹേളിക്കുന്നത് അംഗീകരിക്കനാകില്ലെന്നും തരൂര്‍ പറഞ്ഞു . നേരത്തേ ഒളിംപ്യന്‍ നീരജ് ചോപ്രയും പിടി ഉഷക്കെതിരെ രംഗത്തു വന്നിരുന്നു.

സമരം ചെയ്ത ഗുസ്തി താരങ്ങളെ അപമാനിച്ച പി.ടി.ഉഷ മാപ്പു പറയണമെന്ന് ആനി രാജ ആവശ്യപ്പെട്ടു. ഉഷയുടെ അഭിപ്രായം നീതിക്കായി പൊരുതുന്ന താരങ്ങളെ അപമാനിക്കുന്നതാണ്.രാജ്യത്തിന്‍റെ യശസ്സുയര്‍ത്തിയ താരങ്ങള്‍ക്ക് നീതി നിഷേധിക്കുന്നതാണ്. രാജ്യത്തിന് അപമാനമാണിത്. ഉഷയുടെ പരാമര്‍ശത്തില്‍ ദേശീയ മഹിളാ ഫെഡറേഷന്‍ ശക്തമായി പ്രതിഷേധിക്കുന്നു. അതിജീവിതകള്‍ക്ക് ഒപ്പം നില്‍ക്കുകയാണ് ഉഷ ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരെ പ്രതിഷേധിക്കുന്ന താരങ്ങള്‍ക്ക് കായിക രംഗത്ത് നിന്നടക്കം പിന്തുണയേറുമ്ബോഴാണ് ഒളിമ്ബിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയുടെ വിമര്‍ശനം. സമരം കടുത്ത അച്ചടക്ക ലംഘനമാണ്. രാജ്യത്തിന്‍റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചിരിക്കുന്നുവെന്നായിരുന്നു അവരുടെ ഇന്നലെത്തെ വിമര്‍ശനം. ഇത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നും വാര്‍ത്ത ഏജന്‍സിയോട് പി ടി ഉഷ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്,.